KeralaNewsIndia

നേഴ്സിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗ്; മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

എടപ്പാള്‍ (മലപ്പുറം): ബെംഗളൂരുവിലെ സ്വകാര്യ നേഴ്സിംഗ് കോളേജില്‍ നടന്ന റാഗിങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്. നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി നാലുലക്ഷം രൂപ വായ്പയെടുത്ത് അതില്‍നിന്ന് 75,000 രൂപ ഫീസടച്ചാണ് ബെംഗളൂരുവിലെ ഗുല്‍ബര്‍ഗിലുള്ള നേഴ്സിംഗ് കോളേജില്‍ അഞ്ചുമാസം മുന്‍പ് പഠിക്കാന്‍ ചേര്‍ന്നത്.അന്നുമുതല്‍ത്തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ അശ്വതിയെ വിവിധ തരത്തില്‍ പീഡിപ്പിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

 

മേയ് ഒന്പതിന് മുതിര്‍ന്ന കുട്ടികള്‍ അശ്വതിയെ നിര്‍ബന്ധപൂര്‍വം ടോയിലറ്റ് ക്ലീനര്‍ കുടിപ്പിച്ചതിനെതുടര്‍ന്ന് ശ്വാസം മുട്ടി നിലത്ത് വീണ് ഉരുളുകയും ബോധരഹിതയാകുകയും ചെയ്ത അശ്വതിയെ മറ്റ് സീനിയര്‍ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഗുല്‍ബര്‍ഗയിലുള്ള ബാസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം ഐ.സി.യു.വിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കിടന്നതിന് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്.എന്നാല്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കേസെടുക്കാന്‍ എത്തിയ പോലീസില്‍ മൊഴി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആശുപത്രിയുടെ അനുമതിയില്ലാതെ മുതിര്‍ന്ന കുട്ടികള്‍ അശ്വതിയുടെ ഡിസ്ച്ചാര്‍ജ് വാങ്ങുകയും ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പോലീസ് മൊഴിയെടുക്കാനെത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് അശ്വതിയെ മേയ് 15ന് പുലര്‍ച്ചെ നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു.

 

ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് എടപ്പാള്‍, തൃശ്ശൂര്‍ ആശുപത്രികളിലെത്തിച്ചശേഷവും പരിഹാരമാകാത്തതിനാല്‍ ആണ് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. അന്നനാളത്തിന് ഗുരുതരമായി പ്രശ്നം സംഭവിച്ചതിനാല്‍ കഴുത്തില്‍ തുളയിട്ട് അതിലൂടെ ദ്രാവകാവസ്ഥയിലുള്ള ഭക്ഷണം കൊടുത്താണ് ഇപ്പോള്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വിഷയം ചൂണ്ടി കാട്ടി അഡ്വ.കെ.പി.മുഹമ്മദ് ഷാഫി മുഖേന പരാതി തയ്യായറാക്കി കര്‍ണാടകത്തിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാര്‍, ഡി.ജി.പി, പട്ടികജാതി വികസന വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കി.

 

ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലാണു നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതിയില്‍ അശ്വതി പറയുന്നത്. റാഗിംങ് ചെയ്യുന്ന വീഡിയോ സീനിയര്‍ പെണ്‍കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും പരാതിയിലുണ്ട്.ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും കോളേജധികൃതര്‍ വിവരം അന്വേഷിക്കുകപോലും ചെയ്തില്ലെന്നും റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ ഇപ്പോഴും അവിടെ സുഖമായി പഠിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button