ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്‍റെ പേരില്‍ സിംബാബ്‌വേ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പ്രാഥമികവിവരങ്ങള്‍. സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു എന്നാണ് newzimbabwe.com റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന ടീം അംഗം ലോബിയില്‍ നില്‍ക്കുയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.
ഹരാരെ പോലീസ് കമ്മീഷണര്‍ ചാരിറ്റി ചാരംബ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫാണോ അറസ്റ്റിലായതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. ആരോപണവിധേയനായ ടീം അംഗത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടല്‍ ലോബിയില്‍ ഉലാത്തുകയായിരുന്ന സ്ത്രീയെ ഡ്രഗ് നല്‍കി മയക്കിയ ശേഷം മാനഭംഗപ്പെടുത്തി എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആരോപണവിധേയനായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ മുറിയില്‍ താന്‍ രക്തംപുരണ്ട വസ്ത്രങ്ങളോടെ ഉണര്‍ന്നെഴുന്നേറ്റു എന്നും, എങ്ങിനെയാണ് അവിടെ വന്നതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് മാനഭംഗത്തിനിരയായ സ്ത്രീയുടെ മൊഴി എന്ന് ഹോട്ടലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളരാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണ് സിംബാബ്‌വെ പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ഒഴിവാക്കാനായി സിംബാബ്‌വെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോട്ടലില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ കളിക്കാരന്‍ തന്നെയാണോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പറയാന്‍ ഹരാരെ പോലീസ് ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ താരങ്ങളൊഴികെ വിദേശികളാരും ഈ ഹോട്ടലില്‍ താമസിക്കുന്നില്ലെന്നും അറസ്റ്റിലായത് ഇന്ത്യക്കാരനാണെന്നും അവര്‍ സ്ഥിരീകരിക്കുന്നുണ്ട്.
Post Your Comments