മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. പൃഥ്വി ഷായെപ്പോലെ പ്രതിഭയുള്ള ഒരു കളിക്കാരനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനിതിരെയാണ് ഗംഭീറിന്‍റെ വിമര്‍ശനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷായെ ടി20 ടീമിൽ പരിഗണിക്കാതിരുന്നതാണ് ഗംഭീറിനെ ചൊടിപ്പിക്കുന്നത്.
‘കോച്ചുമാരും സെലക്ടര്‍മാരും എന്താണ് ചെയ്യുന്നത്. സെലക്ടര്‍മാരുടെ പണി ടീമിനെ തെരഞ്ഞടുക്കല്‍ മാത്രമല്ല. അതുപോലെ കോച്ചിന്‍റെ പണി കളിക്കാര്‍ക്ക് ത്രോ ഡൗണ്‍ ചെയ്യല്‍ മാത്രവുമല്ല. പൃഥ്വി ഷായെപ്പോലുള്ള കളിക്കാരുടെ കരിയര്‍ രൂപപ്പെടുത്താന്‍ അവരെ സഹായിക്കേണ്ടത് സെലക്ടര്‍മാരും പരീശിലകരുമെല്ലാം ചേര്‍ന്നാണ്’.
‘കാരണം, അയാളുടെ പ്രതിഭയെക്കുറിച്ച് നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ അയാളുടെ കരിയര്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുക എന്നത് ടീം മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്. അണ്ടര്‍ 19 തലത്തില്‍ പൃഥ്വി ഷായ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡിന് ഇക്കാര്യങ്ങളില്‍ കൂടുതല്‍ സഹായിക്കാനാവും’.
‘പൃഥ്വി ഷായുടെ പ്രശ്നം ഫിറ്റ്നെസോ, അയാളുടെ ജീവിത ശൈലിയോ എന്തുമാകട്ടെ, അത് എന്താണെന്ന് കണ്ടെത്തി ദ്രാവിഡോ സെലക്ടര്‍മാരോ വേണ്ട ഉപദേശം നല്‍കുകയാണ് വേണ്ടത്. കാരണം, പൃഥ്വി ഷായെപ്പോലുള്ള പ്രതിഭകളെ വിട്ടുകളഞ്ഞാല്‍ അവര്‍ വേറെ എവിടെയെങ്കിലുമൊക്കെ എത്തിപ്പെടും. അതുപോലെ രാജ്യത്തിനായി കളിക്കാനുള്ള ആഗ്രവും ത്വരയും പൃഥ്വി ഷായും കാണിക്കണം’.
Read Also:- കൊല്ലത്ത് ഫാമിൽ കന്നുകാലികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍
‘രാജ്യത്തിനായി കളിക്കാനുള്ള പ്രതിബദ്ധത നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനായി കഠിനമായി അധ്വാനിക്കാനും തയ്യാറാവണം. ചെറുപ്പക്കാരായ കളിക്കാര്‍ക്ക് തിരിച്ചുവരാന്‍ ഒന്നോ രണ്ടോ അവസരങ്ങള്‍ നല്‍കാവുന്നതാണ്. എന്നിട്ടും അവര്‍ ശരിയാവുന്നില്ലെങ്കില്‍ മാത്രെ അവരെ വിട്ടുകളായവൂ’ ഗംഭീര്‍ പറഞ്ഞു.
Post Your Comments