തയാറാക്കിയത്: രശ്മി രാധാകൃഷ്ണന്‍
ഒ.എന്‍.വി കുറുപ്പ് എന്ന ശ്രേഷ്ഠകാവ്യജീവിതത്തിന്റെ താളാത്മകമായ ഒരു തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ മകന്‍ രാജീവ് ഒ.എന്‍.വി. മികച്ച ഗായകനും സംഗീതസംവിധായകനും.ഓര്‍മ്മകളില്‍ തണലായി നില്‍ക്കുന്ന അച്ഛന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
അച്ഛനെക്കുറിച്ച് എന്ത് പറയണമെന്ന് ഇപ്പോഴും വ്യക്തതയില്ല.ഒന്നും ഓര്‍ത്തെടുത്ത് പറയാന്‍ മനസ് ഇനിയും പാകമായിട്ടില്ല. ആ അസാന്നിദ്ധ്യം ഞങ്ങള്‍ ഉള്‍ക്കൊണ്ട് വരുന്നതേയുള്ളൂ.
ഈ പ്രായത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ അച്ഛന്റെ സ്വാധീനം എത്രയെന്നോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്.ഒരുപാട് ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു അച്ഛന്.എന്റെ ഓര്‍മ്മയില്‍ അമ്മയുടെയും അച്ഛന്റെയും,രണ്ടു കുടുംബങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന അച്ഛന്റെ ചിത്രമുണ്ട്. കഷ്ടപ്പാടുകളുടെ കാലം. വാടക വീടുകള്‍ മാറിമാറിയുള്ള യാത്രകള്‍. അതൊക്കെ അച്ഛന്‍ അതിജീവിച്ചതോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്.അതിജീവനമായിരുന്നു.. അച്ഛന്റെ ജീവിതവും കവിതയുമെല്ലാം.
സിനിമ എന്ന രക്ഷാമാര്‍ഗ്ഗം എല്ലാ കാലത്തും അച്ഛന്റെ കയ്യെത്തും ദൂരത്തു തന്നെ ഉണ്ടായിരുന്നു.ദേവരാജന്‍ മാഷ് ഉള്‍പ്പെടെ അതിലേയ്ക്ക് വിളിച്ചുകൊണ്ടുമിരുന്നു.അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് അദ്ധ്യാപനം എന്ന തന്റെ പ്രിയപ്പെട്ട തൊഴിലില്‍ ഉറച്ചു നില്‍ക്കാന്‍ അന്നൊക്കെ അദ്ദേഹമെടുത്ത തീരുമാനം.ആ ഉറച്ച മനസ്സ്..
പ്രമുഖ സാഹിത്യകാരന്മാരുടെയെല്ലാം സാന്നിദ്ധ്യം എന്റെ നന്നേ ചെറുപ്പത്തില്‍ തന്നെ വീട്ടിലുണ്ട്. ആരാണ് എന്താണ് എന്ന് വ്യക്തമായി അറിയില്ലെങ്കിലും എന്റെ അച്ഛന്‍ എന്നതിലുപരി അദ്ദേഹം മറ്റെന്തോക്കെയോ ആണ് തോന്നല്‍ ഉള്ളിലുണ്ടായിരുന്നു.അദ്ദേഹത്തെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്നില്ല എന്ന തരത്തിലുള്ള പരിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.അദ്ദേഹം ഇങ്ങനെയാണ് എന്ന് ആദ്യം മുതല്‍ തന്നെ ഞങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു .
കാലങ്ങള്‍ കഴിഞ്ഞ് ഹൈസ്‌ക്കൂള്‍ കോളേജ് കാലത്തൊക്കെയാണ് ഇന്നയാളുടെ മകന്‍ എന്നൊക്കെ പറഞ്ഞുവന്ന് ആളുകള്‍ പരിചയപ്പെടുമ്പോള്‍…അദ്ദേഹം വീട്ടില്‍ മാത്രം നില്‍ക്കേണ്ടുന്ന ഒരാളല്ല..വീടിനെയും കവിഞ്ഞു ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ളയാളാണ് എന്നൊക്കെ മനസ്സിലായിത്തുടങ്ങിയത്..
സംഗീത രംഗത്തേയ്ക്ക് വരാനും പ്രോത്സാഹനം അച്ഛന്‍ തന്നെയായിരുന്നു.അച്ഛന്റെ കവിതകള്‍ക്ക് സംഗീതം നല്‍കിയാണ് തുടങ്ങിയത്. പാടുക എന്നതില്‍ നിന്ന് സംഗീതം നല്‍കുക എന്ന നിലയിലേയ്ക്ക് വന്നത് അച്ഛന്റെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്. അച്ഛന്റെ കവിതകള്‍ക്ക് സംഗീതം നല്‍കാന്‍ ശ്രമിച്ചുതുടങ്ങിയപ്പോഴാണ് ആ കവിതകള്‍ എത്ര സംഗീതാത്മകമാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയത്.അച്ഛന്റെ വരികളില്‍ സംഗീതമുണ്ട്.അത് കണ്ടെത്തുക എന്നത് മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളൂ.
അച്ഛന്റെ അച്ഛനും സംഗീതത്തോട് ആഭിമുഖ്യമുള്ള ഒരാളായിരുന്നു. അച്ഛന് സംഗീതത്തില്‍ വാസനയുണ്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരു ഹാര്‍മോണിയം ഒക്കെ വാങ്ങിച്ച് അദ്ധ്യാപകനെ ഒക്കെ കണ്ടെത്തി പഠിപ്പിയ്ക്കാന്‍ ആരംഭിച്ചു. ഒരു വര്‍ഷം പോലും തുടര്‍ന്നില്ല. അപ്പൂപ്പന്‍ ചെന്നൈയില്‍ വച്ചാണ് മരിച്ചത്.അച്ഛന് ഒന്ന് കാണാന്‍ പോലും സാധിച്ചില്ല. അച്ഛന്റെ ചെറുപ്പത്തിലെ കാര്യമാണ്.വേദന നിറഞ്ഞ ഒരു സംഗീതം ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു അച്ഛന്.അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അദ്ദേഹം സംഗീതം പഠിപ്പിച്ചു.
സൗഹൃദങ്ങള്‍ അദ്ദേഹം ഏറെ വിലമതിച്ചിരുന്നു. എല്ലാവരും അവരവരുടെ രംഗത്തെ അഗ്രഗണ്യര്‍.എങ്കിലും ഒരുമിച്ചിരുന്ന് വരികളെഴുതി,സംഗീതം നല്‍കി, പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവച്ച്,തിരുത്തലുകള്‍ വേണമെങ്കില്‍ അങ്ങനെയൊക്കെയാണ് അവര്‍ നല്ല നല്ല പാട്ടുകള്‍ നമുക്ക് നല്‍കിയത്. കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു.അത്തരം ഒരു സംസ്‌ക്കാരത്തില്‍ വന്നതുകൊണ്ട് തന്നെ പുതിയ പാട്ടെഴുത്ത് രീതികളോട് വിമുഖതയും ഉണ്ടായിരുന്നു.എഴുതാന്‍ ആവശ്യപ്പെട്ട് ഈണം നല്‍കുക..അല്ലെങ്കില്‍ എഴുതി വാങ്ങിച്ചുകൊണ്ട് പോകും..പിന്നെ പാട്ടായിട്ടായിരിയ്ക്കും കേള്‍ക്കുക..അഭിപ്രായങ്ങള്‍ക്കും തിരുത്തലുകള്‍ക്കും ഒരു അവസരം കൊടുക്കാത്ത ഒരു രീതി..ഒരുമിച്ച് എന്നൊരു രീതി പോയതോടെ അച്ഛന് സിനിമാപ്പാട്ടെഴുത്തിനോട് തീരെ താല്‍പര്യമില്ലാതായി. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകള്‍ ഉണ്ടാകുന്നില്ലെന്നുള്ള പരിഭവവും ഉണ്ടായിരുന്നു.
അച്ഛനെ ഓര്‍ക്കുമ്പോള്‍ തന്നെ ചെറിയ കാര്യങ്ങളില്‍ പോലുമുള്ള ആ കരുതല്‍ ആണ് മനസ്സിലേയ്ക്ക് വരുന്നത്. കുസാറ്റ് ഹോസ്റ്റലില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന സമയമാണ്. ഒരു ദിവസം വൈകുന്നേരം വീണു കയ്യൊടിഞ്ഞു. പിറ്റേ ദിവസം വേണം പ്ലാസ്റ്റര്‍ ഇടാന്‍ ആശുപത്രിയില്‍ പോകാന്‍. കൂട്ടുകാരൊക്കെയുള്ളത് കൊണ്ട് അടുത്തദിവസം പോകാമെന്നോര്‍ത്ത് കിടന്നു.അടുത്ത ദിവസം അതിരാവിലെ നോക്കുമ്പോള്‍ അതാ അച്ഛന്‍ ഹോസ്റ്റലില്‍. സമാധാനമില്ലാഞ്ഞിട്ട് രാത്രി തന്നെ ഏതൊക്കെയോ വണ്ടിയില്‍ കയറി എത്തിയതാണ്. പിന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്റര്‍ ഒക്കെ ഇട്ട് ഹോസ്റ്റലില്‍ വിട്ടാണ് മടങ്ങിയത്.ഏതു തിരക്കിലും ആ കരുതലിന്റെ സാന്നിദ്ധ്യം,ആ തണല്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എവിടെപ്പോയാലും പറഞ്ഞിട്ടേ പോകുള്ളൂ. ഞാന്‍ എവിടെങ്കിലും പോയാലും ഇടയ്ക്കിടയ്ക്ക് അമ്മയോട് അന്വേഷിച്ചുകൊണ്ടേയിരിയ്ക്കും. അവന്‍ വന്നോ അവന്‍ വിളിച്ചോ എന്നൊക്കെ. വലുതായതിനു ശേഷവും കൊച്ചുകുട്ടികള്‍ എന്ന നിലയിലാണ് ഞങ്ങളെ കരുതിയിരുന്നത്.
ഞാന്‍ ഒരു അച്ഛനായപ്പോഴും എന്റെ അച്ഛനെപ്പോലെ ഒരു അച്ഛനാകാന്‍ ആണ് ആഗ്രഹിച്ചത്. അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്ന പാഠങ്ങള്‍..മൂല്യങ്ങള്‍..അതൊക്കെ അടുത്ത തലമുറയിലേയ്ക്കും പകരേണ്ടതുണ്ടെന്ന ബോധ്യം ഞാന്‍ എന്ന അച്ഛനുണ്ട്.എന്റെ ജീവിതത്തില്‍ അച്ഛന്‍ തന്ന ആ പ്രോത്സാഹനവും കരുതലും എന്റെ മക്കള്‍ക്ക് ഞാനും നല്‍കുന്നുണ്ട്.
അച്ഛന്റെ ചോറൂണ് എന്ന കവിതയിലെ കുഞ്ഞ് ഞാനാണ്. ചോറൂണിലെ കുട്ടി എന്ന് എന്നെ പല വേദികളിലും പരിചയപ്പെടുത്തിയിട്ടുണ്ട് അച്ഛന്‍. അച്ഛന്റെ കവിതയിലെ കുട്ടിയാണ് ഞാന്‍. ഭൂമിയുടെ ഉപ്പായ് വളരുക എന്ന് എഴുതി വാത്സല്യക്കണ്ണീര്‍ ചൊരിഞ്ഞ വാത്സല്യനിധിയായ ആ അച്ഛന്റെ മകന്‍.
Post Your Comments