കൊച്ചി : കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ സാമ്പത്തിക വര്‍ഷം 1040 കോടി രൂപ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച സൗജന്യ അത്യാഹിത മെഡിക്കല്‍ കെയര്‍ സെന്റര്‍, വൈ ഫൈ സേവനങ്ങള്‍, പണം നല്‍കി ഉപയോഗിക്കാവുന്ന എ. സി. കാത്തിരിപ്പ് മുറി, പുതിയ സസ്യാഹാര ഭക്ഷണമുറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യതീകരിച്ച ഷൊര്‍ണൂര്‍ ചെറുവത്തൂര്‍ പാതയുടെയുംനിലമ്പൂര്‍ റോഡ് റെയില്‍വേ സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി നിര്‍വഹിച്ചു. ഒറ്റ ആപ്പിലൂടെ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനമാണ് റെയില്‍വേ ഏര്‍പ്പെടുത്തുക. റെയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ കൊണ്ട് വന്ന സുതാര്യതയാണ് ഈ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം. പ്രധാനപ്പെട്ട കരാറുകളെല്ലാം ഇ ടെണ്ടര്‍ വഴിയാക്കി. ഇപ്പോള്‍ ഒരു കരാറും റെയില്‍വേ മന്ത്രി കാണുന്നില്ല. അതാത് റെയില്‍വേ ജനറല്‍ മാനേജര്‍മാരും റെയില്‍വേ ബോര്‍ഡ് അംഗങ്ങളുമാണ് എല്ലാ കരാറുകളും കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ചരക്ക് വണ്ടികള്‍ക്ക് ടൈം ടേബിള്‍ ഏര്‍പ്പെടുത്തിയതാണ് മറ്റൊരു നേട്ടം. നേരത്തെ ചരക്ക് വണ്ടി സ്‌റ്റേഷന്‍ വിട്ടാല്‍ ലക്ഷ്യ സ്ഥാനത്ത് എപ്പോള്‍ എത്തുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കും. ഇതോടെ ചരക്ക് കടത്തില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഏറ്റവും അവസാനമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഏറ്റവും ആദ്യത്തെ സംസ്ഥാനമായിട്ടാണ് കാണുന്നത്. കൊച്ചിക്ക് പുറമെ തൃശൂര്‍, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്‌റ്റേഷനുകളിലും വൈ ഫൈ സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments