കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായതായി സൂചന. അസം സ്വദേശി അമിയൂര്‍ ഇസ്ലം ആണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ തൃശൂര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. ജിഷയുടെ സുഹൃത്തുകൂടിയായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
ജിഷയുടെ സുഹൃത്തുകൂടിയായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യ ചെയ്തുവരികയാണ്.ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍വ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നാണ് സൂചന. പിടിയിലായ വ്യക്തിയുടെ ഡി.എന്‍.എ. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം വരുന്നതോടെ ഒന്നര മാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നു.
കൊല നടന്ന ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയത് എന്നാണു സൂചന. ഈ ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. കസ്റ്റഡിയിലായ യുവാവിനെ വിശദമായി ചോദ്യംചെയ്യുന്നതു തുടരുകയാണ്.
സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിച്ചു. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പുകള്‍ ഏപ്രില്‍ 28നു കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്നതു തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന് രീതിയിലാണു ഫോറന്‍സിക് പരിശോധനാഫലം.
ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചെരുപ്പില്‍ സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണ് ബലപ്പെടുന്നത്.
ഏപ്രില്‍ ഇരുപത്തിയെട്ടിനോടടുത്ത ദിവസങ്ങളില്‍ പെരുമ്പാവൂരില്‍നിന്ന് അപ്രത്യക്ഷരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള്‍ നിര്‍ണായകമൊഴി നല്‍കിയത്.
Post Your Comments