NewsInternational

ഇന്ധനവിലയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ക്രിയാത്മക മാര്‍ഗ്ഗവുമായി ഇന്ത്യ

മുംബൈ: ലോകമൊട്ടുക്ക് ഇന്ധനവില “യുക്തിസഹവും എല്ലാവര്‍ക്കും താങ്ങാനാവുന്നതും” ആക്കുക എന്ന ലക്ഷ്യത്തോടെ പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ഇന്ത്യ നേതൃത്വം നല്‍കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

“ദ്രവീകരിച്ച പ്രകൃതിവാതകം ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളും തമ്മില്‍ ഒരു പരസ്പരസഹകരണം ഉണ്ടാക്കിയെടുക്കണം. യുക്തിസഹവും, ന്യായവും, എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതുമായ നിലയിലേക്ക് ഇന്ധനവില കൊണ്ടുവരുവാനുള്ള ഒരു സാഹചര്യം ഇതിലൂടെ നാം ഉണ്ടാക്കിയെടുക്കണം. എല്ലാ പ്രമുഖ പെട്രോളിയം ഉപഭോക്തൃ രാജ്യങ്ങളുടേയും ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള നേതൃത്വം ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്,” ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

അന്താരാഷ്‌ട്രതലത്തില്‍ത്തന്നെ ഒരോ കമ്പനികളുമായും ഇതുസംബന്ധിച്ച ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ “ഗെയ്ല്‍” തുടങ്ങിക്കഴിഞ്ഞതായി പ്രധാന്‍ അറിയിച്ചു.

ജപ്പാനിലും ദക്ഷിണ കൊറിയയിലുമുള്ള കമ്പനികളുമായാണ് പ്രാരംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. ചൈനീസ്‌ കമ്പനികളേയും ഉടന്‍തന്നെ ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തും എന്നും പ്രധാന്‍ അറിയിച്ചു.

അടുത്ത 2 ദശാബ്ദക്കാലത്തെ പെട്രോളിയം ആവശ്യകതയുടെ വര്‍ദ്ധനവ് സംബന്ധിച്ച ചില കണക്കുകളനുസരിച്ച് 90 ശതമാനത്തിന്‍റെയും ആവശ്യക്കാര്‍ ഇന്ത്യയും ചൈനയും ആയിരിക്കും.

“ഗെയ്റ്റ്വേ ഓഫ് ഇന്ത്യ” എന്ന ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്ന പ്രധാന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പെട്രോളിയം ആവശ്യകതയുടെ 37 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു എന്നും അറിയിച്ചു.

ഏഷ്യയിലെ ഒരു ഊര്‍ജ്ജകേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ത്തന്നെ അയല്‍രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവര്‍ക്ക് ഊര്‍ജ്ജം ലഭ്യമാക്കുന്നത് ഇന്ത്യയാണെന്നും പ്രധാന്‍ ചൂണ്ടിക്കാണിച്ചു. മ്യാന്‍മറുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button