NewsInternational

പാകിസ്ഥാന്‍റെ ഭരണയന്ത്രത്തിന്മേലുള്ള നവാസ് ഷരീഫിന്‍റെ പിടി അയയുന്നു; സൈനികമേധാവി പാക് മന്ത്രിമാരെ പരിഗണിക്കുന്നത് സ്കൂള്‍ കുട്ടികളെപ്പോലെ…

കാശ്മീര്‍ നയതന്ത്രത്തില്‍ അടുത്തകാലത്തായി ഇന്ത്യയ്ക്കുണ്ടായ മേല്‍ക്കൈയ്യും, പനാമാ പേപ്പര്‍ ചോര്‍ച്ചയില്‍ ഷരീഫ് കുടുംബത്തിന്‍റെ പേര് ഉള്‍പ്പെട്ടതും എല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് വന്‍തിരിച്ചടിയായി മാറുന്നു. ഈ വിഷയങ്ങളില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായിപ്പോയ ഷരീഫിനെ മറികടന്ന്‍ ഒരിക്കല്‍ക്കൂടി പാക് സൈന്യം പാക് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം നേടിയെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സര്‍താജ് അസീസ്‌ പാകിസ്ഥാന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന സമയത്ത് ഇന്ത്യയുമായി നടത്തിയ ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. കാശ്മീര്‍ വിഷയം ചര്‍ച്ചയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്താനുള്ള അസീസിന്‍റെ ശ്രമത്തെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇത് ഷെരീഫിന്‍റെ പരാജയമായാണ്‌ സൈന്യം വിലയിരുത്തിയത്. ഇതേത്തുടര്‍ന്നാണ് സര്‍താജ് അസീസിനെ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത്നിന്നും മാറ്റി പാക് സൈനിക മേധാവി ജനറല്‍ രഹീല്‍ ഷരീഫിന് താത്പര്യമുള്ള, ഒരു സൈനികന്‍ കൂടിയായ ലെഫ്റ്റനന്‍റ് ജനറല്‍ നാസ്സര്‍ ഖാന്‍ ജാന്‍ജുവയെ തല്‍സ്ഥാനത്ത് അവരോധിച്ചതും. അതായത്, ഇനിയങ്ങോട്ട് നടക്കുന്ന ഇന്‍ഡോ-പാക്‌ ചര്‍ച്ചകളില്‍ പാക് സൈന്യത്തിന്‍റെ താത്പര്യങ്ങളും കൂടി അജണ്ടയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ജാന്‍ജുവയുടെ ഭാഗത്തുനിന്നും ഉണ്ടാകും.

പനാമാ പേപ്പേഴ്സ് വെളിപ്പെടുത്തലുകളില്‍ ഷരീഫ് കുടുംബത്തിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടതും സൈന്യത്തിന്‍റെ മേല്‍ക്കൈ വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായാണ് ഷരീഫ് ലണ്ടനില്‍ ഹൃദയശസ്ത്രക്രിയയ്ക്കായി പോയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷരീഫിന്‍റെ അഭാവത്തില്‍ പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിനേയും മറ്റും സ്കൂള്‍കുട്ടികള്‍ എന്ന മട്ടിലാണ് രഹീല്‍ ഷരീഫ് കണക്കാക്കുന്നതെന്ന് പ്രതിപക്ഷ സെനറ്റര്‍ എയ്ത്താസ് അസീസ്‌ ഈയിടെ പറയുകയുണ്ടായി.

പനാമാ പേപ്പര്‍ ലീക്കിനെത്തുടര്‍ന്ന്‍ പാകിസ്ഥാനില്‍ ഉണ്ടാകുമായിരുന്ന ഭരണപ്രതിസന്ധിയെ ഷരീഫ് മറികടന്നത് സൈന്യത്തിന് കൂടുതല്‍ അധീശത്വം അംഗീകരിച്ചു കൊടുത്തുകൊണ്ടാണ്. ഇനിമുതല്‍ സൈന്യത്തെ അവഗണിച്ച് ഷരീഫിന് അധികാരത്തില്‍ തുടരാനാകില്ല.

പാകിസ്ഥാനില്‍ ജനപിന്തുണയും പ്രശസ്തിയും നവാസ് ഷരീഫിനേക്കാള്‍ രഹീല്‍ ഷരീഫിനാണ്. പുതിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇനിമുതല്‍ സുരക്ഷ, വിദേശനയം എന്നിവയില്‍ സൈന്യത്തിന്‍റെ താത്പര്യങ്ങള്‍ പരിഗണിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് നവാസ് ഷരീഫ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്ഭുത സന്ദര്‍ശനം ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് നവാസ് ഷരീഫ് സൈന്യത്തെ മാറ്റിനിര്‍ത്തിയിരുന്നു. അന്നുമുതലേ, നവാസ് ഷരീഫിനെ വരുതിയില്‍ കൊണ്ടുവരണം എന്ന രഹീല്‍ ഷരീഫിന്‍റെ താത്പര്യമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

സ്വന്തം നിലനില്‍പ്പിനായി പാക് സൈന്യത്തെ അനുസരിച്ചേ പറ്റൂ എന്ന അവസ്ഥയിലാണ് നവാസ് ഷരീഫും. പാക് ഭരണത്തില്‍ സൈന്യത്തിന് ഒരിക്കല്‍ക്കൂടി മേല്‍ക്കൈ ലഭിക്കുന്നത് ഇന്‍ഡോ-പാക് ബന്ധത്തെ എങ്ങനെ ബാധിക്കും എന്നത് നമുക്കും കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button