KeralaNews

സ്റ്റെഫി ഗ്രാഫിനെ ആയൂര്‍വേദത്തിന്റെ അംബാസിഡറാക്കി യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കരാറില്ലാതെ

തിരുവനന്തപുരം : ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനായി ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത് കരാറോ സമ്മതപത്രമോ ഇല്ലാതെയെന്ന് വിവരാവകാശ രേഖ. 3.96 കോടി രൂപയാണ് പ്രതിഫലമായി സ്റ്റെഫി ഗ്രാഫിന് നല്‍കാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നിശ്ചയിച്ചത്.

2015 ജൂണിലാണ് കേരള ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനായി പ്രശസ്ത ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ തെരഞ്ഞെടുത്തതായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അറിയിച്ചത്. 3,96,80,000 രൂപയുടെ കരാറില്‍ ഏര്‍പ്പെടാനായിരുന്നു മന്ത്രിസഭായോഗത്തിന്റെ അനുമതി. യോഗയും ആയൂര്‍വേദവും ഇഷ്ടപ്പെടുന്നയാളായതിനാലാണ് സ്റ്റെഫി ഇത്ര കുറഞ്ഞ തുകയ്ക്ക് സമ്മതിച്ചതെന്നാണ് ടൂറിസം ഡയറക്ടര്‍ ഫയലില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ സ്റ്റെഫി ഗ്രാഫുമായി സംസ്ഥാന സര്‍ക്കാരോ ടൂറിസം വകുപ്പോ ഇതു സംബന്ധിച്ച് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
സ്റ്റെഫി ഗ്രാഫുമായി ഏര്‍പ്പെട്ട സെലിബ്രിറ്റി കരാര്‍, സമ്മതപത്രം എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. കേരള സര്‍ക്കാറിന്റെ തീരുമാനം സ്റ്റെഫി ഗ്രാഫ് അറിഞ്ഞിട്ടുണ്ടോയെന്ന് തന്നെ സംശയമാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി ബിനു പറഞ്ഞു. എഴുത്തുകുത്തുകള്‍ നടന്നുവെന്നല്ലാതെ ഒരു രൂപ പോലും പദ്ധതിക്കായി ചിലവഴിച്ചിട്ടില്ലാത്തതിനാല്‍ ഖജനാവിന് ഇതില്‍ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. സ്റ്റെഫി ഗ്രാഫിനെ സെലിബ്രിറ്റി അംബാസിഡറാക്കി യൂറോപ്യന്‍ രാജ്യങ്ങളിലടക്കം പരസ്യം നല്‍കി കേരളത്തിലേക്ക് ആയൂര്‍വേദ ചികില്‍സയ്ക്ക് വിദേശികളെ ആകര്‍ഷിക്കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button