Latest NewsKeralaNewsIndia

മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വം: വൈദ്യകുലപതി പി കെ വാര്യരെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ആയുർവേദ ആചാര്യൻ പി.കെ വാര്യർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്. മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാൽസല്യങ്ങളോടെയുള്ള പരി​ഗണന എനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ എന്റെ ദുഃഖം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button