നാഗ്പൂര്‍: ഒക്ടോബര്‍ 11ന് വിജയദശമി നാളില്‍ കാക്കി ട്രൗസര്‍ ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ് തീരുമാനം. അന്നേദിവസം നാഗ്പൂരില്‍ നടക്കുന്ന ശസ്ത്ര പൂജ പരിപാടിയിലാണ് ആര്‍.എസ്.എസ് തങ്ങളുടെ പുതിയ യൂണിഫോം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഉള്ള കാക്കി ട്രൗസറിനുപകരം ബ്രൗണ്‍ പാന്റ് ആയിരിക്കും പിന്നീട് ഉപയോഗിക്കുക.ഏതാണ്ട് ഇരുപതിനായിരത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സര്‍സംഘ് ചാലക് മോഹന് ഭഗവതും പരിപാടിയില്‍ സന്നിഹിതനായിരിക്കുമെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി.
മാര്‍ച്ച് മാസം നാഗ്പുരില്‍ നടന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭയിലാണ് കാക്കി ട്രൗസര്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്. യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോമില്‍ മാറ്റുവരുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
1925 സപ്തംബര്‍ 27ന് ആര്‍.എസ്.എസ് രൂപീകരണവേളയിലാണ് കാക്കി ട്രൗസര്‍ ഉള്‍പ്പെടെയുള്ള യൂണിഫോം തീരുമാനിച്ചത്. കാക്കി ഷര്‍ട്ട്, കാക്കി ട്രൗസര്‍, ലതര്‍ ബെല്‍റ്റ്, കറുത്ത തൊപ്പി, കറുത്ത ഷൂ എന്നിവയായിരുന്നു അന്നത്തെ ആര്‍.എസ്.എസ് യൂണിഫോം. പിന്നീട് മൂന്നുതവണ യൂണിഫോമില്‍ മാറ്റം വരുത്തി.കാക്കി ഷര്‍ട്ടിനു പകരം വെളുത്ത ഷര്‍ട്ടാക്കി മാറ്റി 1939ലാണ് ആദ്യമാറ്റം വരുത്തിയത്. പിന്നീട് 1973ല്‍ ഹെവി ബൂട്ട്‌സ് സാധാര ഷൂസ് ആക്കി മാറ്റി. 2010ല്‍ ലെതര്‍ ബെല്‍റ്റിന് പകരം തുണിയുടെ ബെല്‍റ്റ് ഉപയോഗിക്കാനും തുടങ്ങി. പിന്നീട് കഴിഞ്ഞ മാര്‍ച്ചുമാസമാണ് ട്രൗസറില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
Post Your Comments