കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിട്ടുണ്ടെന്ന് പാപ്പു പറഞ്ഞു. എന്നാല്‍, ജിഷ ആ സമയത്ത് കൊച്ചുകുട്ടിയായിരുന്നുവെന്നും പാപ്പു പറയുന്നു. ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുപോയാണ് ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം തെറ്റാണെന്നു പാപ്പു മൊഴിയെടുക്കാന്‍ പോകുന്നതിനിടെ പറഞ്ഞു. ആ സമയത്ത് ജിഷയും ദീപയും കൊച്ചുകുട്ടികളായിരുന്നു. കല്യാണത്തിനു മുന്‍പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നും പാപ്പു പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളാണെന്ന് അന്വേഷണസംഘത്തോട് പറയുമെന്നും പാപ്പു അറിയിച്ചു. ജിഷയുടെ ആന്തരികവയങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ജിഷ സ്വയം മദ്യപിച്ചതോ പ്രതി ബലമായി മദ്യം കുടിപ്പിച്ചതോ എന്ന് വ്യക്തമല്ല. ജിഷയുടെ വീട്ടില്‍ നിന്നും മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. വീടിന്റെ വാതിലിലും കുപ്പിയിലും ഗ്ലാസ്സിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. വീട്ടിലെ നാലിടത്ത് നിന്നും ലഭിച്ച വിരലടയാളം,ഉമിനീര്‍ മുടിയിഴകള്‍ എന്നിവ ഡി.എന്‍.എ പരിശോധനാഫലവുമായി സാമ്യമുള്ളവയാണ്. ജിഷ മുന്‍പ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയായിട്ടുണ്ടെന്ന് പരിശോധനാഫലം അവകാശപെടുന്നു. ജിഷയുടെ അടുത്ത സുഹൃത്തോ അറിയാവുന്ന വ്യക്തിയോ ആണ് കൊലക്ക് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ജിഷയുടെ വീട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സന്ദര്‍ശിച്ചു. രാവിലെ എട്ടുമണിയോടെയായിരുന്നു അദ്ദേഹം ജിഷയുടെ വീട്ടിലെത്തിയത്.
കേസന്വേഷണം മാജിക്കല്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്. തന്റെ അനുഭവമനുസരിച്ച് ചില കേസുകള്‍ 24 മണിക്കൂര്‍ കൊണ്ട് തെളിയിക്കാനാവും പക്ഷേ ചില കേസുകളില്‍ ഒരു വര്‍ഷമെടുക്കും. പക്ഷേ ഈ കേസ് എത്രയും വേഗം തെളിയിക്കാനാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം കേസ് അന്വേഷിച്ച കുറുപ്പുംപടി പൊലീസ് സ്റ്റേഷനും ഡി.ജി.പി സന്ദര്‍ശിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.
Post Your Comments