NewsIndia

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2024 ല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2024ല്‍ ഓടിത്തുടങ്ങും. മുംബൈ-അഹമ്മദാബാദ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങി 2023ല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപമായി.ഡല്‍ഹി-മുംബൈ-ചെന്നൈ-കൊല്‍ക്കത്ത വജ്ര ചതുഷ്‌കോണ അതിവേഗ പാതയും റയില്‍വേയുടെ സജീവ പരിഗണനയിലുണ്ട്. രാജ്യത്തിന്റെ നാലു കോണുകളിലെ സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയാണിത്. ഡല്‍ഹി-ചണ്ഡീഗഡ്-അമൃത്‌സര്‍, ചെന്നൈ-ബെംഗളൂരു-മൈസൂരു അതിവേഗ പാതകളും സമാന്തരമായി വികസിപ്പിക്കും.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി:

. അനുകൂല നിബന്ധനകള്‍ അംഗീകരിച്ചാല്‍ മികച്ച നിക്ഷേപാവസരമെന്ന വാഗ്ദാനം ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) സ്വീകരിച്ചതോടെയാണു പദ്ധതി യാഥാര്‍ഥ്യമാകുന്നത്. പദ്ധതിച്ചെലവിന്റെ 80% ജൈക്ക വഹിക്കും. 70,000 കോടി രൂപ കണക്കാക്കി നിര്‍മാണം തുടങ്ങുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 98,000 കോടി രൂപ ചെലവായേക്കും.

. ജൈക്ക പണം നല്‍കുന്നത് 0.1% പലിശയ്ക്കാണ്. വായ്പാ കാലാവധി 50 വര്‍ഷം. തിരിച്ചടവിന് 10 വര്‍ഷം മോറട്ടോറിയം.

. 350 കിലോമീറ്ററ്റായിരിക്കും ട്രെയിനിന്റെ പരമാവധി വേഗം. മുംബൈയില്‍ നിന്ന് അഹമ്മദാബാദ് വരെ 500 കിലോമീറ്റര്‍ പിന്നിടാന്‍, സ്റ്റോപ്പുകളുടെ എണ്ണമനുസരിച്ച് രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ മതിയാവും.

. കൂടുതല്‍ സ്റ്റോപ്പുകളുണ്ടെങ്കില്‍ ഫ്രഞ്ച് ട്രെയിനുകളായിരിക്കും അനുയോജ്യം. പെട്ടെന്നു വേഗമാര്‍ജിക്കുകയും പെട്ടെന്നു നിര്‍ത്തുകയും ചെയ്യാനാവും വിധമാണ് അവയുടെ രൂപകല്‍പന. നോണ്‍സ്റ്റോപ് യാത്രയ്ക്കു യോജിച്ചതു ജപ്പാന്‍ ട്രെയിനുകളും.

.ഏറെക്കുറെ വിമാന ടിക്കറ്റ് നിരക്കായിരിക്കും ബുള്ളറ്റ് ട്രെയിനിലും. വിമാനയാത്രയ്ക്കു വേണ്ട ചെക്ഇന്‍ സമയം ലാഭിക്കാം. ബോര്‍ഡ് യോഗങ്ങള്‍ വരെ ചേരാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ബുള്ളറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കിയേക്കും.ഭൂമിയേറ്റെടുക്കലാണു മുഖ്യ വെല്ലുവിളി. സ്റ്റേഷനുകള്‍ക്കു ഭൂമി വേണ്ടതാകട്ടെ തിരക്കേറിയ നഗരമേഖലകളിലും.മുംബൈയില്‍ തങ്ങളുടെ പക്കലുള്ള ഭൂമി കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മടിക്കുന്നു. എങ്കിലും പ്രാഥമിക തടസ്സങ്ങള്‍ ഈ വര്‍ഷം തന്നെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ ഒരുക്കങ്ങള്‍ മുന്നോട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button