തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ കോണ്‍ഗ്രസില്‍ യോജിച്ച പടനീക്കം തുടങ്ങി. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികളടക്കമുള്ളവര്‍ സുധീരനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചത്. ദ്വിദിന വിശകലന ക്യാംപിലെ തനിക്കെതിരായ പടനീക്കത്തെ സ്വന്തം അനുയായികളെക്കൊണ്ട് പ്രതിരോധിക്കാന്‍ സുധീരനും ശ്രമിക്കുന്നു.
പാര്‍ട്ടിയുടെ സംഘടനാതല പരാജയം തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനം ഇരു ഗ്രൂപ്പുകളും ഉന്നയിച്ചു. അതിനാല്‍ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്ന ആക്ഷേപവും ഉയര്‍ത്തി. സുധീരന്‍ മാറണമെന്ന ആവശ്യം നേരിട്ടും അല്ലാതെയും വന്നപ്പോള്‍ അദ്ദേഹത്തെ മാത്രം പഴിചാരിയിട്ട് എന്തുകാര്യമെന്ന മറുചോദ്യവും ഉയര്‍ന്നു. എം.എം.ഹസന്‍, കെ.സുധാകരന്‍, കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ കെ.പി.സി.സി പ്രസിഡന്റ് മാറുന്നതാണ് ഉചിതം എന്നു വ്യക്തമാക്കി.
വി.ഡി.സതീശന്‍ പരോക്ഷമായും ഈ വാദം ഉന്നയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.ടി.തോമസ്, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവര്‍ സുധീരന് വേണ്ടി വാദിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു നിയമസഭാകക്ഷി നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു. താന്‍ അതിനെ ആദ്യം അനുകൂലിച്ചിരുന്നില്ല. എന്നാല്‍ ധാര്‍മികമായി അതാണു ശരിയെന്നു പിന്നീടു തോന്നുന്നു. കെ.പി.സി.സി ഭാരവാഹിയായ താനും മാറാന്‍ തയാറാണ്. മാറ്റമാണ് ആവശ്യം. വി.എം.സുധീരന്‍ മാറണമോ എന്നു ചോദിച്ചാല്‍ അദ്ദേഹം അടക്കം മാറണം. അടിമുടി മാറ്റം വേണം. തലമുറ മാറ്റം തന്നെ അനിവാര്യമായിരിക്കുന്നു എന്നായിരുന്നു വി.ഡി.സതീശന്റെ അഭിപ്രായം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും എ.കെ.ആന്റണി അടക്കമുള്ളവര്‍ക്ക് എതിരെയും വിമര്‍ശനങ്ങളുണ്ടായി.
മദ്യനിരോധനം കൊണ്ട് എന്തു പ്രയോജനം ഉണ്ടായെന്നും ചോദ്യം വന്നു. കിടമത്സരത്തിന്റെ ഭാഗമായാണു മദ്യം നിരോധിച്ചത്. എന്നിട്ടോ സ്ത്രീകളുടെ വോട്ടുപോലും ലഭിച്ചില്ല. ക്യാംപ് ഇന്നു സമാപിക്കും. നേതാക്കളുടെ മറുപടി ഇന്നുണ്ടാകും.
Post Your Comments