ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) അംഗങ്ങളാകാന്‍ യുവാക്കളെ ഇറാഖിലേക്കും സിറിയയിലേക്കും അയച്ചുവെന്ന കേസില്‍ ചെന്നൈ സ്വദേശിയായ 23 കാരനെതിരെ എന്‍.ഐ.എ കുറ്റപത്രം നല്‍കി. ദുബായില്‍ ഗ്രാഫിക് ഡിസൈനറായി മുന്‍പ് ജോലിചെയ്തിരുന്ന നാസര്‍ പക്കീറിനെതിരെയാണ് കുറ്റപത്രം.
ഐ.എസ്സിനുവേണ്ടി ചിഹ്നങ്ങളും പതാകകളും രൂപകല്‍പ്പന ചെയ്തത് ഈ യുവാവാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് പോകുംവഴി സുഡാനില്‍വച്ച് പിടിയിലായ യുവാവിനെ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. യുവാവിന്റെ പിതാവിനെ കേസിലെ പ്രധാന സാക്ഷിയായി എന്‍.ഐ.എ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മകന്‍ ഐ.എസ്സില്‍ ചേരാന്‍ പോയതറിഞ്ഞ് പിതാവ് ദുബായില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
ഐ.എസ്സില്‍ ചേര്‍ന്നുവെന്നുവെന്നും ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും വ്യക്തമാക്കി യുവാവ് പിതാവിനയച്ച ഇ മെയില്‍ സന്ദേശവും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം എടുത്തശേഷമാണ് യുവാവ് ജോലിതേടി ദുബായില്‍ എത്തിയത്. വെബ് ഡെവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍ ജോലികള്‍ ചെയ്യുന്നതിനിടെയാണ് യുവാവ് ഐ.എസ് കെണിയില്‍ വീണതെന്ന് എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ പറയുന്നു.
Post Your Comments