Latest NewsIndiaNews

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ജില്ല, സബ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടകളുടെ സംഘാടനവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സർക്കുലർ പുറപ്പെടുവിച്ചു.

സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. തുടർന്നു ദേശീയ ഗാനാലാപനവുമുണ്ടാകും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ സേനാ വിഭാഗങ്ങളും പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും ഒരുക്കിയിട്ടുണ്ട്.

ജില്ലാതല ആഘോഷ പരിപാടികളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ബന്ധപ്പെട്ട മന്ത്രിമാർ ദേശീയ പതാക ഉയർത്തും. ദേശീയ ഗാനാലാപനം, സംസ്ഥാന പൊലീസ്, ഹോം ഗാർഡ്, എൻ.സി.സി, സ്‌കൗട്ട്സ് എന്നിവരുടെ നേതൃത്വത്തിലുള്ള പരേഡ് എന്നിവയുമുണ്ടാകും. പരേഡില്‍ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. സബ്ജില്ലാ, ബ്ലോക്ക് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ സംഘടിപ്പിക്കുന്ന ചടങ്ങിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്യും. ദേശീയഗാനാലാപനവുമുണ്ടാകും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ആസ്ഥാനങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ സംഘടിപ്പിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പൽ ചെയർപേഴ്സൺ/മേയർ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. ദേശീയഗാനാലാപനം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവിമാർ ദേശീയ പതാക ഉയർത്തും.

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശം നൽകി. മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ദേശീയ ഗാനാലാപന സമയത്ത് മുഴുവൻ ആളുകളും എഴുന്നേറ്റു നിൽക്കണം. നാഷണൽ സല്യൂട്ട് നൽകുന്ന സമയത്ത് യൂണിഫോംഡ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകണം. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഗ്രീൻ പോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button