മനാമ ● ഇന്ത്യന്‍ യുവതിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച ഏഷ്യക്കാരനായ പ്രവാസിയ്ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. പ്രതി പോലീസ് കസ്റ്റഡിയിലില്ല.
ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ബ്യൂട്ടിപാര്‍ലറില്‍ 50,000 രൂപ ശമ്പളമുള്ള ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി സുഹൃത്ത് വഞ്ചിച്ച യുവതിയാണ് വീണ്ടും മറ്റൊരാളുടെ വലയില്‍ അകപ്പെട്ടതെന്നാണ് കോടതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
ബഹ്റൈനില്‍ എത്തിയ ശേഷമാണ് പണത്തിന് വേണ്ടി ശരീരം വില്‍ക്കണമെന്ന് പ്രതി തന്നോട് വെളിപ്പെടുത്തുന്നതെന്ന് യുവതി പറഞ്ഞു. ഇന്ത്യയില്‍ 50000 രൂപ പ്രതിമാസം സമ്പാദിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാലാണ് വിദേശത്ത് ജോലിക്ക് പോകാമെന്ന് കരുതിയത്. ബഹ്റൈനില്‍ എത്തിയ തന്നെ പ്രതിയും ഡ്രൈവറും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് അയാള്‍ തന്റെ പാസ്പോര്‍ട്ട് കൈക്കലാക്കി. തുടര്‍ന്ന് ഫ്ളാറ്റില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പം മൂന്ന് ദിവസത്തോളം പൂട്ടിയിടുകയായിരുന്നുവെന്നും യുവതി മൊഴി നല്കി.
തുടര്‍ന്ന് തന്നെ ഒരു ഹോട്ടലിന് സമീപമുള്ള മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി. താന്‍ വിവാഹിതയാണെന്നും തന്നെ വിട്ടയക്കണമെന്നും താന്‍ അയാളോട് യാചിച്ചു. എന്നാല്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും തന്റെ ആഭരണങ്ങളും, മൊബൈല്‍ ഫോണും കൈക്കലാക്കുകയും ചെയ്തു- യുവതി പറഞ്ഞു.
ഇടപാടുകാരുമായി സെക്സിലേര്‍പ്പെടാന്‍ മടിച്ചതിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണവും വെള്ളവും നല്കാന് ഇയാള്‍ വിസമ്മതിച്ചുവെന്നും യുവതി പറയുന്നു.
ഒരു ദിവസം തന്നെ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിന്റെ താക്കോല്‍ ലഭിച്ച യുവതി പ്രതി ബാത്ത്റൂമില്‍ പോയ തക്കംനോക്കി അവിടെ നിന്നും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെട്ട ശേഷം ആദ്യം പരിചയപ്പെട്ട വ്യക്തിയുടെ സഹായത്തോടെ യുവതി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
ഫ്ളാറ്റിലെത്തിയ മറ്റൊരു യുവതി വഴി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവാഹിതയായ യുവതിക്ക് നിയമസഹായം ലഭിക്കുന്നത്.
Post Your Comments