പാര്‍ട്ട്-1
വാരാന്ത്യത്തില്‍ ലഭിക്കുന്ന ഹൃസ്വഅവധികള്‍ പോലുള്ളവ ചിലവഴിച്ച് ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും ഉന്മേഷവും വീണ്ടെടുക്കാന്‍ സഹായകരമായ കേരളത്തിനുള്ളില്‍ത്തന്നെയുള്ള ചില മനോഹര സ്ഥലങ്ങളെ പരിചയപ്പെടാം.
ബാണാസുരസാഗര്‍ ഡാം: വയനാട്ടിലുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ ബാണാസുര മലയിടുക്കുകള്‍ക്കിടയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാണാസുരസാഗര്‍ ഡാം കബനി നദിയുടെ കൈവഴിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും 259-കിലോമീറ്റര്‍ യാത്രാദൂരമുണ്ട് ബാണാസുരസാഗറിലേക്ക്. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലിപ്പമേറിയതുമായ “എര്‍ത്ത് ഡാം” ആണ് ബാണാസുരസാഗര്‍ ഡാം.
ചെമ്പ്ര കൊടുമുടി: കല്‍പ്പറ്റ പട്ടണത്തിന് 8-കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ഈ കൊടുമുടിയും പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. താഴ്വരയിലുള്ള മേപ്പാടി എന്ന ചെറുപട്ടണത്തില്‍ നിന്ന് കാല്‍നടയായി മാത്രമേ ഈ കൊടുമുടിയില്‍ എത്താനാകൂ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ചെമ്പ്ര കൊടുമുടി. വനംവകുപ്പിന്‍റെ അനുമതി മുന്‍കൂട്ടി വാങ്ങണം എന്നതും ചെമ്പ്ര കൊടുമുടിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചിയില്‍ നിന്ന്‍ 263-കിലോമീറ്റര്‍ ദൂരമുണ്ട്.
തെന്മല: കൊല്ലം ജില്ലയില്‍ പുനലൂര്‍ ടൌണ്‍ഷിപ്പിന് സമീപത്താണ് തെന്മല. കല്ലട നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന തെന്മല ഡാം ആണ് മുഖ്യ ആകര്‍ഷണം. തെന്മല ഇപ്പോള്‍ ഒരു ഇക്കോ-ടൂറിസം ലക്ഷ്യസ്ഥാനം കൂടിയാണ്. കൊച്ചിയില്‍ നിന്ന്‍ 171-കിലോമീറ്റര്‍ ദൂരമുണ്ട്.
അഷ്ടമുടി കായല്‍: കൊല്ലം ജില്ലയിലെ മറ്റൊരു മനോഹരസ്ഥാനം. വേമ്പനാട് കായല്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ആഴമുള്ള കായലാണ് അഷ്ടമുടി. കൊച്ചിയില്‍ നിന്ന്‍ 128-കിലോമീറ്റര്‍ അകലെയാണ് അഷ്ടമുടി കായല്‍.
തട്ടേക്കാട് പക്ഷിസങ്കേതം: കേരളത്തിലെ ആദ്യ പക്ഷി സങ്കേതം. പ്രശസ്ത പക്ഷിനിരീക്ഷകന്‍ സലിം അലിയുടെ അഭിപ്രായത്തില്‍ തട്ടേക്കാട് ഉപദ്വീപീയ കേരളതിലെ ഏറ്റവും വൈവിധ്യമിയന്ന പക്ഷിസങ്കേതമാണ്. കൊച്ചിയില്‍ നിന്നുള്ള ദൂരം 58-കിലോമീറ്റര്‍.
വാഴച്ചാല്‍ വെള്ളച്ചാട്ടം: ആഗോള പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം. ആതിരപ്പള്ളിയില്‍ നിന്ന് 5-കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് വാഴച്ചാല്‍. തൃശ്ശൂര്‍ ജില്ലയിലൂടെ ഒഴുകുന്ന ചാലക്കുടിപ്പുഴയിലാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. കൊച്ചിയില്‍ നിന്ന്‍ 78-കിലോമീറ്റര്‍ ദൂരമുണ്ട്.
സൈലന്‍റ് വാലി: ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഉഷ്ണമേഖലാ ഹരിതവനങ്ങള്‍ നിറഞ്ഞ മനോഹര പ്രദേശമാണ് സൈലന്‍റ് വാലി. നീലഗിരിക്കുന്നുകളില്‍ വ്യാപിച്ചു കിടക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. യുണെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട പ്രദേശം കൂടിയാണ് സൈലന്‍റ് വാലി. കൊച്ചിയില്‍ നിന്ന്‍ 131-കിലോമീറ്റര്‍ അകലമുണ്ട്.
Post Your Comments