KeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറ് മണി വരെയാണ് പ്രചാരണം. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി അഭ്യര്‍ഥിച്ചു. പരസ്യ പ്രചാരണ സമയ പരിധിക്കുശേഷംപരസ്യസ്വഭാവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് വിധിയെഴുത്തിനായി അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ആരാണ് വിജയം നേടുകയെന്ന ആകാംക്ഷയിലാണ് കേരളം. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രചാരണത്തിന് രണ്ടര മാസത്തോളം കിട്ടിയ ഇത്തവണ വിവാദങ്ങളും വികസനവും കേന്ദ്രസംസ്ഥാന പോരുമൊക്കെ വിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.ഐ നേതാവ് സുധാകര്‍റെഡ്ഡി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അടക്കമുള്ള കേന്ദ്രനേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറും എത്തി.

സംസ്ഥാനത്ത് 2.61 കോടി വോട്ടര്‍മാരാണുള്ളത്. 1.35 കോടി സ്ത്രീകള്‍. 87, 138 സര്‍വീസ് വോട്ടര്‍മാരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button