ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലെ നിരക്കിനേക്കാള്‍ താഴെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ വളച്ചൊടിച്ച് വിവാദമാക്കിയിരിക്കുകയാണ്. വി.എസ്.അച്ചുതാനന്ദനും പിണറായി വിജയനും ഇതേ രീതിയിലുള്ള പരാമര്‍ശങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലോടെ ഇടതുപക്ഷത്തിന്‍റെ പ്രതിഷേധം തണുത്തെങ്കിലും, പെരുമ്പാവൂരെ ജിഷയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടനവധി വിവാദവിഷയങ്ങളില്‍ നിന്ന്‍ ശ്രദ്ധ തിരിക്കാന്‍ ഉപകാരപ്പെടും എന്നുള്ളതു കൊണ്ട് യു.ഡി.എഫ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തെത്തന്നെ മുറുകെപ്പിടിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ കേരളത്തിലെ ആദിവാസി മേഖലകളില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം സന്നദ്ധപ്രവര്‍ത്തകരുടെ പ്രതികരണങ്ങളും പുറത്തു വിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരാമര്‍ശം യാഥാര്‍ഥ്യത്തില്‍ നിന്നും അധികം അകലത്തിലല്ല എന്നാണ് ഇവരുടേയും അഭിപ്രായം.
“സൊമാലിയയുമായുള്ള താരതമ്യം ഇത്തിരി കടുത്തു പോയി. പക്ഷേ, കേരളത്തിലെ ആദിവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ദാരിദ്യ്രം ഒരു പ്രധാന വിഷയമാണ്, അതുപോലെ തന്നെ പോഷകാഹാരങ്ങളുടെ കുറവും. ഇതിനാല്‍ ശിശുക്കള്‍ മരിച്ചു വീഴുന്നു. സംസ്ഥാന ഗവണ്‍മെന്‍റിനെപ്പോലെ തന്നെ കേന്ദ്രഗവണ്‍മെന്‍റും ഇതിനുത്തരവാദിയാണ്. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണ്. ആദിവാസികളുടെ ഉന്നമനത്തിനായി എന്‍ഡിഎ വ്യക്തമായ ഒരു പദ്ധതി കൊണ്ടുവരട്ടെ,” സന്നദ്ധപ്രവര്‍ത്തകന്‍ ഗീതാനന്ദന്‍ പറഞ്ഞു.
“കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെ സൊമാലിയയുമായി താരതമ്യം ചെയ്യാം. ആദിവാസികള്‍ക്ക് റേഷന്‍ ഇനത്തില്‍ അരി ലഭിക്കുന്നുണ്ട്. പക്ഷേ അതുമാത്രം വച്ച് അവരുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറില്ല. അരി മാത്രം കഴിച്ച് ആളുകള്‍ എങ്ങിനെ ജീവിക്കാനാണ്? ഒരു രാഷ്ട്രീയ വാദപ്രതിവാദത്തിലേക്ക് കടക്കാന്‍ എനിക്ക് താത്പര്യമില്ല, പക്ഷേ കാര്യങ്ങള്‍ വലിയ കുഴപ്പത്തിലാണ്. ആരോഗ്യവകുപ്പിന്‍റെ കയ്യില്‍ ആദിവാസികളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ പോലുമില്ല,” കേരളം മുഴുവന്‍ അറിയപ്പെടുന്ന ആദിവാസി ക്ഷേമപ്രവര്‍ത്തക ധന്യാ രാമന്‍ പറഞ്ഞു.
“പാലക്കാട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ശിശുമരണങ്ങളുടെ സംഖ്യ 595 ആണ്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് പ്രകടമാണ്. സൊമാലിയയിലെ സാഹചര്യങ്ങള്‍ ഭിന്നമായിരിക്കാം, ഒരു താരതമ്യം ശരിയാണോ എന്ന് എനിക്ക് അറിയുകയും ഇല്ല. പക്ഷേ കേരളത്തിലെ ആദിവാസികള്‍ കടുത്ത ദുരിതത്തില്‍ ആണെന്നുള്ള വസ്തുതയെ വെള്ളപൂശാന്‍ നമുക്കാര്‍ക്കും കഴിയില്ല,” മറ്റൊരു സന്നദ്ധപ്രവര്‍ത്തകാനായ രാജേന്ദ്ര പ്രസാദ് പറഞ്ഞു.
Post Your Comments