Gulf

കുവൈത്തില്‍ മലയാളി യുവതി നാല് വര്‍ഷമായി നരകയാതന അനുഭവിക്കുന്നു

കുവൈത്ത് സിറ്റി : യാത്രാ രേഖകള്‍ ഇല്ലാതെയും ഇന്ത്യന്‍ എംബസിയുടെ അനാസ്ഥമൂലവും മലയാളി യുവതി നാല് വര്‍ഷമായി നരകയാതന അനുഭവിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി സനിത ഷാജി(34) യാണ് ആവശ്യമായ രേഖകള്‍ ഇല്ലാതെ ഒളിവില്‍ കഴിയുന്നത്. എംബസിയുടെ അനാസ്ഥ മൂലം പിതാവ് മരിച്ചിട്ട് പോലും മൃതദേഹം ഒരുനോക്കുകാണാന്‍ സനിതയ്ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞില്ല.

2012 ലാണ് ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഒരു ജീവിതമാര്‍ഗം തേടി സനിത കുവൈത്തിലേക്ക് വന്നത്. ഗാര്‍ഹികജോലിയ്ക്കുള്ള വിസയിലാണ് എത്തിയത്. എന്നാല്‍ ആവശ്യത്തിന് ഭക്ഷണംപോലുമില്ലാതെ കഠിനജോലി ചെയ്യേണ്ടി വന്നു. മാത്രമല്ല, വാഗ്ദാനം ചെയ്ത വേതനവും ലഭിച്ചില്ല. രണ്ട് വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് 2014 ജൂലൈ 13ന് ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. യുവതിയ്ക്ക് നാട്ടിലേക്കു തിരികെ പോകാനുള്ള യാത്രരേഖകള്‍ ശരിയാക്കി നല്‍കുന്നതിന് പകരം അഭയകേന്ദ്രത്തില്‍ താമസിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനുശേഷം വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്പോണ്‍സര്‍ കള്ളകേസ് നല്‍കിയതോടെ യാത്രാതടസ്സം നേരിട്ടു.

പിന്നീട് ബന്ധുവിന്റെ സഹായത്തോടെ എംബസിയുടെ പുറത്ത് വന്നെങ്കിലും യാത്രരേഖകളുടെ കാലാവധി അവസാനിച്ചിരുന്നു. . സ്പോണ്‍സറുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോ കേസ് നിയമപരമായി നേരിടുന്നതിനോ എംബസി അധികൃതര്‍ തയാറായില്ല. രണ്ടുതവണ കുവൈത്തിലത്തെിയ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫിനെ നേരില്‍ക്കണ്ട് സനിത പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനും പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലത്തെി ബന്ധുക്കള്‍ മൂന്നുതവണ പരാതി നല്‍കി.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലത്തെിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക്‌ കൂട്ടായ്മയായ ‘റൈറ്റ് ഓഫ് റിട്ടേണ്‍’ നോര്‍ക്കയുമായും എംബസിയുമായും ഒന്നര വര്‍ഷത്തോളം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരംഭിച്ച മദദ് വെബ്സൈറ്റ് പോര്‍ട്ടലില്‍ നിരവധി പരാതികളും നല്‍കിയിട്ടുണ്ട്. കേസുള്ളതിനാല്‍ പൊതുമാപ്പ് ഉള്‍പ്പെടെ ഇളവുകളും ലഭിക്കില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിപ്പിക്കുന്നതടക്കമുള്ള നടപടി പൂര്‍ത്തിയാക്കി സനിതയെ നാട്ടിലത്തെിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button