കൊല്ലം: ശരീരം തളർന്നതാണെങ്കിലും വിധിയെ പഴിക്കാതെ വീട്ടിലിരുന്നു പഠിച്ച് അക്ഷയ്കുമാര്‍ പ്ലസ്ടു പരീക്ഷയില്‍ നേടിയത് മികച്ച വിജയം. കടപ്പാക്കട വൃന്ദവന്‍ നഗര്‍ 70-ല്‍ വിജയകുമാര്‍-ശോഭന ദന്പതികളുടെ മകനായ അക്ഷയ് ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയാണ്. അരയ്ക്കു താഴെ പൂര്‍ണമായും തളര്‍ന്ന അക്ഷയ് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വീട്ടിലിരുന്ന് പഠിച്ചാണു എഴുതിയത്. ഫലം വന്നപ്പോള്‍ മികച്ച വിജയം.
പ്ലസ്ടു കമ്പ്യൂട്ടർ സയന്‍സ് എടുത്ത് പഠിക്കാനാണ് അക്ഷയ് തീരുമാനിച്ചിരുന്നത് . ഇതിനായി നീരാവില്‍ എസ്.എന്‍.ഡി.പി. യോഗം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ക്ലാസില്‍ എത്താന്‍ കഴിയാതായതോടെ തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം അധ്യാപകര്‍ അക്ഷയുടെ കടപ്പാക്കടയിലുള്ള വീട്ടിലെത്തി പഠിപ്പിക്കുവാന്‍ മനുഷ്യവകാശ കമ്മിഷന്‍ അംഗമായിരുന്ന മോഹന്‍ കുമാര്‍ ഉത്തരവിട്ടിരുന്നു. ഇങ്ങനെയാണ് തുടര്‍ പഠനത്തിന് വഴിതെളിയുന്നത്. കുട്ടിയുടെ പഠനത്തിനോടുള്ള അഭിനിവേശം മാധ്യമങ്ങളിലൂടെ അറിഞ്ഞ് ജില്ലാ പഞ്ചായത്തും സഹായഹസ്തവുമായെത്തി. ഈ വിദ്യാര്‍ഥിയെ പഠിപ്പിക്കാനായി വിമല്‍ എന്ന അധ്യാപകനെ ജില്ലാ പഞ്ചായത്ത് നിയോഗിച്ചിരുന്നു. ഇദ്ദേഹമാണ് അക്ഷയ്ക്ക് കമ്പ്യൂട്ടറിനെകുറിച്ചുള്ള ക്ലാസുകള്‍ എടുത്തിരുന്നത്. കമ്പ്യൂട്ടര്‍ സയന്‍സിന് ഒരു എ ഗ്രേഡും ഒരു ബി പ്ലസും നാലു ബി ഗ്രേഡുമാണ് വീട്ടിലിരുന്ന് പഠിച്ച് ബി. അക്ഷയ്കുമാര്‍ കരസ്ഥമാക്കിയത്.
Post Your Comments