കൊച്ചി: അവസാന നിമിഷം സോഫ്റ്റ്വെയര്‍ മാറ്റിയത് മൂലം പുതിയ പരീക്ഷാ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാല്‍ പ്ലസ് ടു പരീക്ഷ അവതാളത്തിലായി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒരാഴ്ച മുന്‍പ് കഴിഞ്ഞു. എങ്കിലും ഇതിന്റെ മാര്‍ക്ക് ലിസ്റ്റ് ഇതുവരെ എന്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച ആണ് എഴുത്തുപരീക്ഷ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് മേല്‍നോട്ട ചുമതല വഹിക്കുന്ന (ഇന്‍വിജിലേറ്റര്‍) അധ്യാപകരുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ ഹാള്‍ ടിക്കറ്റുകള്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌കൂളുകളി എത്തിച്ചത്. ശനിയും ഞായറും ഒപ്പം ഇന്ന് ശിവരാത്രി കൂടെ ആയതോടെ സ്‌കൂളുകള്‍ക്ക് അവധിയാണ്. അതിനാല്‍ നാളെ, പരീക്ഷയുടെ തലേദിവസമാണ് കുട്ടികള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കുക.
സാധാരണയായി പരീക്ഷക്ക് ഒരാഴ്ച മുന്‍പേ തന്നെ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാറുണ്ട്. ഇതൊന്നുമല്ലാതെ ചോദ്യ പേപ്പര്‍ പല സ്‌കൂളുകളിലും ഇതുവരെ എത്തിയിട്ടില്ല എന്ന പരാതിയുമുണ്ട്. പല കേന്ദ്രങ്ങളിലും രണ്ടാം വര്‍ഷ ചോദ്യ പേപ്പര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. മാത്രമല്ല സയന്‍സ് വിഷയങ്ങളുടെ ബാര്‍കോഡുള്ള ഉത്തര പേപ്പറുകളും പലയിടത്തും വന്നിട്ടില്ല. ഒന്നും രണ്ടും വര്‍ഷ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതുന്നത്. ഓരോ ദിവസവും പരീക്ഷ എഴുതുന്ന ക്ലാസും ഇരിപ്പിടവും മാറുന്ന രീതിയിലുള്ള ക്രമീകരണവും പരീക്ഷ സോഫ്റ്റ്വെയറില്‍ നിന്നുള്ള ലിസ്റ്റ് അടിസ്ഥാനമാക്കിയാണു ചെയ്യുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.
ഒരുക്കങ്ങളും തയാറെടുപ്പുകളുമില്ലാതെ പരീക്ഷയ്ക്കു തൊട്ടുമുന്‍പ് പുതിയ സോഫ്ട്വെയറിലേക്കു മാറിയതാണു പ്രശ്‌നമായത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി അധ്യാപകരുടെ ഡ്യൂട്ടി ലിസ്റ്റ് ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഇട്ടെങ്കിലും തെറ്റുകള്‍ കടന്നു കൂടിയതോടെ പിന്‍വലിക്കേണ്ടി വന്നു. പിന്നീട് ഓരോ ജില്ലയിലെയും പരീക്ഷായുടെ ചുമതലയുള്ള അധ്യാപകര്‍ മുഖേന ലിസ്റ്റ് പുതുക്കി ഇട്ടാണ് പരീക്ഷ സംഘടിപ്പിച്ചത്. പ്രായോഗിക പരീക്ഷ കഴിഞ്ഞാല്‍ 2 ദിവസത്തിനുള്ളില്‍ തന്നെ മാര്‍ക്ക് സോഫ്റ്റ്വെയറില്‍ എന്റര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതുവരെ ഈ മാര്‍ക്കുകള്‍ എന്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
മാത്രമല്ല എഴുത്തുപരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പേ തന്നെ ഓരോ കേന്ദ്രങ്ങളിലെയും ഇന്‍വിജിലേറ്റര്‍മാരുടെ ഡ്യൂട്ടി ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ എണ്ണം പോരാതെ വന്നാല്‍ ആ സമയത്ത് പരീക്ഷ ഇല്ലാത്ത യുപി, എല്‍പി അധ്യാപകരെയും നിയോഗിക്കണം. ഇതെല്ലാം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു ചെയ്യേണ്ടത്. എന്നാല്‍ ഇന്നലെ രാത്രി വരെയും ഈ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം.
Post Your Comments