തിരുവനന്തപുരം :കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ യുഡിഎഫ് മന്ത്രിമാര്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് കണ്ടെത്തല്‍ പുറത്ത്. മന്ത്രിമാര്‍ മാത്രമല്ല, വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വന്‍ അഴിമതി കാട്ടിയെന്നു തെളിയിക്കുന്നതാണ് രേഖകള്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ നല്കിയ റിപ്പോര്‍ട്ട് രമേശ് ചെന്നിത്തല പൂഴ്ത്തിവച്ചു.
ലീഗ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭരിച്ച പൊതുമരാമത്ത് വകുപ്പില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് കണ്ടെത്തി. കെ എം മാണിയാണു റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റൊരു മുഖ്യന്. റോഡ് പണി, സ്ഥലംമാറ്റം എന്നിവക്ക് കോടികളുടെ കൈക്കൂലിയാണ് പൊതുമരാമത്തു വകുപ്പില്‍ നടന്നത്. വിന്‍സന്‍ എം പോള്‍ നല്കിയ ഫയല്‍ ആരോപിതനായ ഇബ്രാഹിംകുഞ്ഞിനു തന്നെ കൈമാറുകയാണു ചെന്നിത്തല ചെയ്തത്. ഈ ഫയല്‍ ഇബ്രാഹിം കുഞ്ഞാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്.
പദ്ധതികളുടെ അടങ്കല്‍ത്തുകയുടെ 3 ശതമാനം മന്ത്രിയും ഉദ്യോഗസ്ഥരും കൈക്കൂലിയായി പിരിച്ചെടുത്തു. നടപ്പാക്കാത്ത പദ്ധതികള്‍ക്ക് 50% വരെ കോഴ വാങ്ങി നടത്തിയെന്നു വരുത്തി. വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളായ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്, കെഎസ്ടിപി, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് എന്നിവ അഴിമതിയുടെ മുഖ്യവേദി ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments