NewsGulf

സൗദി ആരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

റിയാദ് ● ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദിയിലെ ആരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിനും രാജ്യത്തെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങുന്നതിനുമായി 300 കോടി ഡോളറിന്റെ പദ്ധതികളാണ് ആരാംകോ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സൗദി കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ആരാംകോ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിന് പുറമേ ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭമായ ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ മധ്യപ്രദേശിലെ ‘ബിന റിഫൈനറി’യിലും അരാംകോയുടെ സഹകരണം പരിഗണനയിലുണ്ട്. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ സംസ്‌കരണ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയുടെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ആഭിമുഖ്യത്തിലായിരിക്കും നിര്‍മ്മാണം.

എണ്ണ ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 70 ശതമാനവും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 8,89,000 ബാരല്‍ എണ്ണയാണ് പ്രതിദിനം സൗദി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 21 ശതമാനം വരുമിത്. പ്രതിദിനം നിലവില്‍ 5.4 മില്യണ്‍ ബാരല്‍ എണ്ണയാണ് സഊദി അരാംകോയുടെ ഉല്‍പാദന ശേഷി. 10.2 മില്യണ്‍ ബാരല്‍ വരെ പ്രതിദിനം ഒരു ഘട്ടത്തില്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. കൂടാതെ 12 ബില്യണ്‍ ക്യൂബിക് ഫീറ്റ് പ്രകൃതി വാതകവും പ്രതിദിനം ഉത്പാദിപ്പിക്കുണ്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാനാണ് ശ്രമം.

ഇന്ത്യക്കു പുറമെ ചൈന, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളിലും സഊദി അരാംകോക്ക് റിഫൈനറി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ സൗദിയിലും കൂടുതല്‍ പുതിയ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button