കാനഡ: കാനഡയില്‍ കാട്ടുതീ നിയന്ത്രണാധീതമായി പടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാട്ടുതീ ഇരട്ടി ശക്തിപ്രാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആല്‍ബട്ടയിലെ ഫോര്‍ട്ട് മക്മറയിലാണ് കാട്ടുതീ വന്‍ നാശം വിതച്ചത്. നഗരം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 80,000 ത്തിലധികം ആളുകളെ മക്മറയില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
തീ നിയന്ത്രണാധീതമായതോടെ ആളുകളെ ഹെലികോപ്റ്ററിലും മറ്റുമായാണ് നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത്. നിരവധി കെട്ടിടങ്ങളും വീടുകളും കാട്ടുതീയില്‍ കത്തിനശിച്ചു. നാല് ദിവസമായി തുടരുന്ന കാട്ടുതീ കെടുത്താന്‍ അഗ്‌നിശമന സേന പരിശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു. ചൂടും വരണ്ട കാലാവസ്ഥയും കാറ്റുമാണ് തീ ഇത്രയും വ്യാപിക്കാന്‍ കാരണമാകുന്നത്.
ആല്‍ബര്‍ട്ടയിലെ എണ്ണ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവെച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. തീ പടര്‍ന്നതോടെ അത്യാവശ്യ വസ്തുക്കള്‍ എടുത്ത് ഒഴിഞ്ഞുപോകാനാണ് പ്രദേശവാസികള്‍ക്ക് നല്‍കിയ നിര്‍ദേശം. മക്മറെയില്‍ 200 ഓളം മലയാളി കുടുംബങ്ങള്‍ ഉണ്ടെന്നും അവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലാണെന്നും കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അറിയിച്ചു.
രണ്ടായിരത്തോളം വീടുകള്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പരിസ്ഥിതി വാസയോഗ്യമാണെന്ന് സര്‍ക്കാരിന്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷം മാത്രമേ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകൂ.
Post Your Comments