Editorial

ആഗസ്റ്റ വെസ്റ്റ്ലാന്‍റ് ചോപ്പര്‍ അഴിമതി: ശിക്ഷിക്കപ്പെടേണ്ടവര്‍ ഉന്നതരാകുമ്പോള്‍

ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഒരു പുതിയ കോളിളക്കം അഴിച്ചുവിട്ട ആഗസ്റ്റ വെസ്റ്റ്ലാന്‍റ് ചോപ്പര്‍ അഴിമതിക്കേസിന്‍റെ മുഴുവന്‍ വിവരങ്ങളും വരുന്ന ബുധനാഴ്ച പാര്‍ലമെന്‍റിന്‍റെ മുന്നില്‍ വയ്ക്കും എന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

അഴിമതിയുടെ പിന്നിലുള്ള മുഴുവന്‍ സംഭവങ്ങളും, വിവിഐപികള്‍ക്കായി 12 ചോപ്പറുകള്‍ വാങ്ങുന്നതിനായി ഏര്‍പ്പെട്ട കരാറിന്‍റെ വിവരങ്ങളും‍, ആഗസ്റ്റ വെസ്റ്റ്ലാന്‍റിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എങ്ങനെയെല്ലാം ചട്ടങ്ങളും നയങ്ങളും മാറ്റിയെഴുതപ്പെട്ടു എന്നതുള്‍പ്പെടെ, പാര്‍ലമെന്‍റിന്‍റെ മുന്നില്‍ അവതരിപ്പിക്കുമെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്.

2013 ഫെബ്രുവരി 12-ന് ഇറ്റാലിയന്‍ അധികൃതര്‍ ആഗസ്റ്റ വെസ്റ്റ്ലാന്‍റിന്‍റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക സി.ഇ.ഒ ഗിസപ്പെ ഓര്‍സിയെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെത്തുടര്‍ന്ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്‍റണിയാണ് ചോപ്പര്‍ ഇടപാടില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ ഭാഗത്ത് ഈ അഴിമതിക്ക് കുടപിടിച്ചവരെല്ലാം ഉന്നതരും അക്കാലത്തെ ഭരണകക്ഷിയിലെ പ്രമുഖരോ പ്രമുഖരോട് ബന്ധമുള്ളവരോ ആകയാല്‍ അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടങ്ങളില്‍ സിബിഐക്ക് നേരിടേണ്ടി വന്ന തടസ്സങ്ങള്‍ നിരവധിയാണ്.

ഉദാഹരണത്തിന് ചോപ്പര്‍ ഇടപാട് ഒപ്പുവയ്ക്കുന്ന സമയത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണനേയും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി,ജി) ചീഫ് ആയിരുന്ന ബി.വി.വാഞ്ചുവിനേയും ചോദ്യം ചെയ്യാനുള്ള അനുമതിക്കായി സിബിഐ കബില്‍ സിബല്‍ നേതൃത്വം നല്‍കിയിരുന്ന നിയമ മന്ത്രാലയത്തെ 2014 ജനുവരിയില്‍ സമീപിച്ചിരുന്നു. നാരായണന്‍ അന്ന് ബംഗാള്‍ ഗവര്‍ണറും വാഞ്ചു ഗോവന്‍ ഗവര്‍ണറും ആയിരുന്നു. ഇരുവരുടേയും അഭിപ്രായങ്ങളും കേട്ടശേഷമാണ് യുപിഎ ഗവണ്‍മെന്‍റ് ആഗസ്റ്റ വെസ്റ്റ്ലാന്‍റുമായി കരാര്‍ ഒപ്പിട്ടത്. പക്ഷേ കബില്‍ സിബലിന്‍റെ മന്ത്രാലയം “ഡിപ്ലോമാറ്റിക് പരിരക്ഷ” എന്ന നിസ്സാരകാരണം പറഞ്ഞ് സിബിഐക്ക് മുന്‍പില്‍ ഉരുക്കുമതില്‍ തീര്‍ത്തു. തുടര്‍ന്ന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ പക്കല്‍നിന്നും പ്രത്യേക അനുമതി വാങ്ങിയതിനു ശേഷം മാത്രമാണ് സിബിഐക്ക് എം.കെ.നാരായണന്‍, ബി.വി.വാഞ്ചു എന്നിവരെ യഥാക്രമം 2014 ജൂണിലും ജൂലൈയിലും ചോദ്യം ചെയ്യാന്‍ സാധിച്ചത്.

ഇന്ത്യന്‍ ആയുധ ഇടപാടുകാരനായ അഭിഷേക് വര്‍മ്മയും അയാളുടെ റൊമേനിയക്കാരി ഭാര്യ അന്‍ക ന്യസ്ക്യുവും ആണ് ആഗസ്റ്റ വെസ്റ്റ്ലാന്‍റിനും ഇന്ത്യന്‍ ബ്യൂറോക്രസിക്കും ഇടയിലെ മധ്യസ്ഥരായി പ്രവര്‍ത്തിച്ചത്. ആഗസ്റ്റ വെസ്റ്റ്ലാന്‍റ് കൊടുത്ത കൈക്കൂലിത്തുകയുടെ ഒരുഭാഗം അഭിഷേകിന്‍റെ കമ്പനികളായ അറ്റ്‌ലസ് ഡിഫന്‍സ് സിസ്റ്റംസിന്‍റെ മൌറീഷ്യസ് അക്കൗണ്ടിലേക്കും അറ്റ്‌ലസ് ഗ്രൂപ്പ് ലിമിറ്റഡിന്‍റെ ബെര്‍മുഡയിലുള്ള അക്കൗണ്ടിലേക്കും ബാക്കിയുള്ള ഭാഗം അന്‍കയുടെ ന്യൂയോര്‍ക്കിലുള്ള ഫ്രണ്ട്കമ്പനിയായ ഗാന്‍റണ്‍ ലിമിറ്റഡിന്‍റെ അക്കൗണ്ടിലേക്കും ആണ് പോയിരിക്കുന്നത്. അഴിമതിക്ക് കൂട്ടുനിന്ന ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ക്കുള്ള കൈക്കൂലി വിഹിതം ഈ അക്കൗണ്ടുകളില്‍ നിന്നാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അഭിഷേകും അന്‍കയും ഈ ഇടപാടിലെ ബലിയാടുകളായി ഇപ്പോള്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇവരുടെ കയ്യില്‍ നിന്നും കൈക്കൂലി വിഹിതം വാങ്ങിയ രാഷ്ട്രീയനേതാക്കള്‍ പുറത്ത് സ്വൈര്യവിഹാരം നടത്തുന്നു.

എന്‍ഫൊഴ്സ്മെന്‍റ് ഡയറക്ടറെറ്റിന്‍റെ അന്വേഷണത്തില്‍ മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ എസ്.പി.ത്യാഗിക്ക് ഈ അഴിമതിയിലുള്ള പങ്ക് നിസ്സംശയം തെളിഞ്ഞതാണ്. ഇറ്റലിയിലെ മിലാന്‍ കോടതിയുടെ രണ്ടാഴ്ചമുമ്പ് പുറത്തുവന്ന വിധിയിലും ത്യാഗിയുടെ പങ്ക് എടുത്തു പറയുന്നുണ്ട്. ഇന്ന്‍ സിബിഐ-യും എന്‍ഫോഴ്സ്മെന്‍റും ത്യാഗിക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ ഇടപാടുകളുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അഴിമതികളിലൊന്നായ ഈ അഴിമതിയുടെ പിന്നില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളും, കുറ്റംചെയ്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ നേത്രുത്വത്തേയും നിയമത്തിന്‍റേയും പൊതുസമൂഹത്തിന്‍റേയും മുന്‍പില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണങ്ങള്‍ക്ക് കഴിയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button