KeralaNews

എണ്‍പതുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നതിന് ന്യായീകരണവുമായി ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: 1980 ല്‍ ഇടതുപക്ഷവുമായി ചേരേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്ന് അവരോടൊപ്പം ചേര്‍ന്നതുപോലെ തിരിച്ചുവരുകയും ചെയ്തുവെന്ന് കാസര്‍കോട് പ്രസ് ക്ലബിന്റെ ‘ജനസഭ 2016’ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സി.പി.എമ്മിനാണ് ബന്ധം. ’77ല്‍ കെ.ജി. മാരാര്‍ക്കും ഒ. രാജഗോപാലിനുംവേണ്ടി വോട്ടുചെയ്തു. പേരുമാറി ജനതാ പാര്‍ട്ടിയായതുകൊണ്ട് കാര്യമില്ല. അവരുടെ നയം മാറിയില്ല. ഉദുമയില്‍ മാരാര്‍ ആയിരുന്നു സി.പി.എം സ്ഥാനാര്‍ഥി. 1980 ല്‍ കാസര്‍കോട്ട് ഒ. രാജഗോപാല്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചല്ലോയെന്ന് ചോദിച്ചപ്പോള്‍, അന്ന് താന്‍ യു.ഡി.എഫില്‍ ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

വി.പി. സിങ് മന്ത്രിസഭ രൂപവത്കരിച്ചത് ഇരുകൂട്ടരും ചേര്‍ന്നാണ്. അന്ന് ഇ.എം.എസും ജ്യോതിബസുവും എല്‍.കെ. അദ്വാനിയും വാജ്‌പേയിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ‘വീക്ഷണം’ ഏപ്രില്‍ 26ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആണവ കരാറിന്റെ പേരില്‍ മന്‍മോഹന്‍സിങ് സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചത് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നായിരുന്നു. ബി.ജെ.പിക്കെതിരായ ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നത് അടുത്തകാലത്താണ് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നതിനെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ്‌ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, ബി. സുബ്ബയ്യറൈ എന്നിവരും ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button