കാര്‍ത്തി ചിദംബരവും അച്ഛന്‍ പി ചിദംബരവും അനധികൃത ഇടപാടുകളിലൂടെ ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും വന്‍തോതില്‍ സ്വത്ത്ശേഖരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധിക നാളായിട്ടില്ല. ഈ സമയം വരെ ഇതൊക്കെ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മാത്രമായി തള്ളിക്കളഞ്ഞിരുന്ന അച്ഛനും മകനും തങ്ങള്‍ രാഷ്ട്രീയമായി വേട്ടയാടപ്പെടുകയാണ് എന്നും വിലപിച്ചിരുന്നു.
പക്ഷേ ഇപ്പോള്‍, കാര്‍ത്തി ചിദംബരത്തിന്‍റെ അനധികൃത സ്വത്ത് ഇടപാടുകളെ സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ പുറത്തു വന്നിരിക്കുകയാണ്. തന്‍റെ കമ്പനിയായ അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.എസ്.സി.പി.എല്‍) എന്ന കമ്പനിയുടെ പേരില്‍ ഇന്ത്യയിലും പുറത്തും കാര്‍ത്തി ശേഖരിച്ച സ്വത്തുക്കളെല്ലാം ബിനാമി ഇടപാടുകളിലൂടെയായിരുന്നു എന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തന്‍റെ സുഹൃത്തുക്കളുടേയും കുടുംബ സുഹൃത്തുക്കളുടേയും പേരില്‍ ബിനാമി ഇടപാടുകള്‍ നടത്തിയാണ് എ.എസ്.സി.പി.എല്‍ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യയിലും വിദേശത്തും സമാഹരിച്ചത്.
തന്‍റെ ബിനാമികളെ പൂര്‍ണ്ണമായി വിശ്വസിക്കാതിരുന്ന കാര്‍ത്തി അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം താന്‍ നേടിയ അനധികൃത സ്വത്തുക്കള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ നടത്തിയ മുന്‍കരുതല്‍ നടപടിയാണ് ഇപ്പോള്‍ അയാള്‍ക്കെതിരെയുള്ള തെളിവായി മാറിയിരിക്കുന്നത്. ബിനാമികളുടെ ജീവിതശേഷം അവരുടെ പേരിലുള്ള തന്‍റെ ബിനാമി സ്വത്തുക്കള്‍ – എ.എസ്.സി.പി.എല്-ന്‍റെ പേരിലുള്ള ഷെയര്‍ രൂപത്തിലുള്ളവ – തന്‍റെ മകളുടെ പേരിലാകും എന്ന രീതിയില്‍ കാര്‍ത്തി എഴുതിയുണ്ടാക്കി സൂക്ഷിച്ച കരാറുകളാണ് തന്‍റെ നിയമവിരുദ്ധ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ കാര്‍ത്തി കൈക്കൊണ്ട മുന്‍കരുതല്‍ നടപടി.
നാല് മാസം മുന്‍പ് ആദായനികുതി വകുപ്പും, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംയുക്തമായി കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളിലാണ് ഈ രേഖകള്‍ കണ്ടെത്തിയത്. ബിനാമികള്‍ തയാറാക്കിയ വില്‍പ്പത്രത്തിന്‍റെ രൂപത്തിലായിരുന്നു പ്രസ്തുത രേഖകള്‍.
Post Your Comments