ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാവ് പി ചിദംബരത്തിന് പരിക്കേറ്റെന്ന് കോൺഗ്രസ്. പ്രതിഷേധത്തിനിടെ പോലീസ് പിടിച്ചു തള്ളിയതിനെ തുടർന്ന് ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ചിദംബരം ഡോക്ടറെ കണ്ട് ചികിത്സ തേടിയെന്നും അദ്ദേഹത്തോട് വിശ്രമിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെന്നും കോൺഗ്രസ് പറയുന്നു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന്, നിരവധി നേതാക്കൾ അറസ്റ്റിലായി. പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് തന്നെ തല്ലിയെന്ന് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പോലീസ് മർദ്ദനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൗധരി തുഗ്ലക്ക് റോഡ് എസ് എച്ച് ഓക്ക് പരാതി നൽകി.
പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ തളർന്ന് വീണു. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്‌തെന്ന് അറിയില്ലെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുന്നതിനിടെയാണ് അറസ്റ്റെന്ന് പൊലീസ് വാനില്‍ നിന്നും പങ്കുവെച്ച വീഡിയോയില്‍ ഷമ വിശദീകരിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധ മാര്‍ച്ച് നയിച്ചുകൊണ്ടാണ് ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പോയത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ഇരുവരേയും കാറിലേക്ക് മാറ്റുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ്, ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. ഇന്നലെ 9 മണിക്കൂർ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും 11 മണിക്ക് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments