Kerala

ജാതിഭേദത്തേക്കുറിച്ചുള്ള ഗുരുവചനത്തിന് നൂറുവയസ്സ്

മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്നും ഇതല്ലാതെ തനിക്ക് വേറെ ജാതിയും മതവും ഇല്ലെന്നും യുഗപ്രഭാവനായ ശ്രീനാരായണഗുരു വിളംബരം പുറപ്പെടുവിച്ചിട്ട് ഒരുനൂറ്റാണ്ട് തികയുന്നു.

“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ കൂട്ടത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.” എന്നായിരുന്നു വിളംബരം.

കൊല്ലവര്‍ഷം 1091 ഇടവമാസത്തില്‍ “’പ്രബുദ്ധ കേരളം’ എന്ന പ്രസിദ്ധീകരണത്തിലാണ് ചരിത്രമായി മാറിയ വിളംബരം ശ്രീനാരായണഗുരു പ്രസിദ്ധപ്പെടുത്തിയത്. തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ വക്താവായി ചിലര്‍ ചിത്രീകരിക്കുന്നത് തിരുത്തിക്കൊണ്ടായിരുന്നു വിളംബരം.

ആലുവ അദ്വൈതാശ്രമത്തില്‍നിന്നാണ് വിളംബരം പുറപ്പെടുവിച്ചത്. പന്തിഭോജനം നടത്തിയതിനെത്തുടര്‍ന്ന് സമൂഹത്തില്‍ വിലക്കു നേരിട്ട സഹോദരന്‍ അയ്യപ്പന് തളരാതെ മുന്നോട്ടുപോകാനുള്ള ഉപദേശം ഗുരു നല്‍കിയതും ഇക്കാലത്തുതന്നെ. “അയ്യപ്പന്റെ സംഘം വളരും. ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം” എന്നായിരുന്നു ഉപദേശം.

തന്റെ ദര്‍ശനവും സാമൂഹ്യ സമീപനവും വിളംബരത്തിലൂടെ ഗുരു സമൂഹത്തിന് പകര്‍ന്നു നല്‍കുകയായിരുന്നു.ഗുരുവിന്റെ പ്രധാനമായ പല രചനകളും 100 വര്‍ഷം പിന്നിട്ടുകഴിഞ്ഞു.ജാതി-മത-വര്‍ണ്ണ വിവേചനങ്ങള്‍ തിരികെയെത്തുന്ന ഈ കാലഘട്ടത്തില്‍ എന്നത്തേക്കാളും പ്രസക്തമാവുകയാണ്‌ ഗുരുവചനങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button