ലക്‌നൗ: പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ തുരത്താന്‍ ഇനി കുട്ടികളും. ജില്ലാ ഭരണാധികാരികളാണ് പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ തുരത്താന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്.
പദ്ധതി പ്രകാരം ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പട്രോളിങ്ങിന് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ആരെങ്കിലും മലമൂത്ര വിസര്‍ജനം നടത്തുന്നുണ്ടോ എന്ന് അറിയാനാണ് കുട്ടികളുടെ ഈ പട്രോളിങ്. പട്രോളിങ് നടത്തുന്നതിനിടെ ആരെങ്കിലും പൊതുസ്ഥലത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് കണ്ടാല്‍ കുട്ടികള്‍ ഉടനെ ഒരു ബെല്‍ മുഴക്കും അല്ലെങ്കില്‍ പ്ലേറ്റുകള്‍ കൊട്ടി ശബ്ദം ഉണ്ടാക്കും. ഇങ്ങനെ ചെയ്യുന്നതോടെ പ്രാഥമിക കര്‍മ്മങ്ങള്‍ പൊതുസ്ഥലത്ത് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സ്ഥലം വിടും.
ജില്ലയെ ശുചിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയിട്ടിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് കുട്ടികള്‍ക്ക് വളരെ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശൗചാലയങ്ങളുടെ കുറവാണ് പലപ്പോഴും ആളുകളെ പൊതു സ്ഥലങ്ങളില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്ക് നയിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12,000 ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ 60 ശതമാനത്തോളം ആളുകള്‍ അവ ഇപ്പോഴും ഉപയോഗിക്കുന്നില്ല.
Post Your Comments