NewsInternational

ഐ.എസിന്റെ കൊടുംക്രൂരതയുടെ തെളിവായി പാല്‍മിറയിലെ അവശേഷിപ്പ്

പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും തിരിച്ചുപിടിച്ച പുരാതന നഗരമായ പാല്‍മിറയില്‍ 40ഓളം പേരെ ഒരുമിച്ച് കുഴിച്ചുമൂടിയ ശവക്കുഴി സിറിയന്‍ സൈന്യം കണ്ടെടുത്തു. ശവക്കുഴിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതും കുട്ടികളുടേതുമാണ്. ഇവര്‍ എല്ലാം തന്നെ ഭീകരമായ രീതിയില്‍ കൊലചെയ്യപ്പെട്ടവരാണെന്നാണ് സൈന്യം പറയുന്നത്. ഇനിയും പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് സൈന്യവും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും.

ഐ.എസ് തീവ്രവാദികള്‍ പാല്‍മിറ വിടുന്നതിന് മുമ്പ പ്രദേശത്തെ പല ഭാഗങ്ങളിലും മൈനുകളും മറ്റ് സ്‌ഫോടക വസ്തുക്കളും നിക്ഷേപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും സിറിയന്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്. അതിനുവേണ്ടി റഷ്യന്‍ സൈന്യത്തിന്റെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹായം സിറിയ തേടിയിട്ടുണ്ട്. ഏകദേശം 3000ല്‍ അധികം സ്‌ഫോടകവസ്തുക്കള്‍ പാല്‍മിറയുടെ പലഭാഗങ്ങളിലും ഭീകരര്‍ സ്ഥാപിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് സിറിയന്‍ സൈന്യം.

കഴിഞ്ഞ മെയ് മാസം മുതല്‍ ഐ.എസിന്റെ അധീനതയിലായിരുന്നു നഗരം. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം കൈവശപ്പെടുത്തിയത്. റഷ്യയുടെ കര വ്യോമസേനകളുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യത്തിന്റെ ചരിത്ര മുന്നേറ്റം. പാല്‍മിറയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സിറിയന്‍ സൈന്യവും ഐ.എസ് തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു.

പാല്‍മിറയ്ക്കു വടക്കുള്ള അല്‍ അമിറിയ എന്ന ചെറുപട്ടണം പിടിച്ചടക്കിയതോടെ ഐ.എസിന് പതനം സംഭവിക്കുകയായിരുന്നു. പാല്‍മിറയിലേക്കുള്ള പ്രവേശനകവാടമായാണ് അല്‍ അമിറിയ അറിയപ്പെടുന്നത്. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെ സിറിയന്‍ സേന കരയുദ്ധം ശക്തമാക്കുകയായിരുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരുഭൂമിയുടെ മുത്ത് എന്ന് ഓമനപ്പേരുളള പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഐ.എസ് ഭീകരര്‍ ആദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button