ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോള്‍. ഒരു വശത്ത് ആദര്‍ശമെന്ന വാളുയര്‍ത്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് വി.എം.സുധീരനും എതിര്‍വശത്ത് തുടര്‍ഭരണം എന്ന പ്രതിരോധപരിചയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലയുറപ്പിക്കുമ്പോള്‍ ഹൈക്കമാന്‍റ് എന്ന സര്‍വ്വാധികാരകേന്ദ്രം വെട്ടിലായിരിക്കുകയാണ്. പിണക്കാന്‍ കഴിയാത്ത രണ്ട് സംസ്ഥാന നേതാക്കള്‍, രണ്ടിലാരെ പിണക്കിയാലും സംസ്ഥാന തിരഞ്ഞെടുപ്പില്‍ അത് വിപരീതഫലങ്ങള്‍ സൃഷ്ടിക്കും എന്ന തിരിച്ചറിവുള്ളതിനാല്‍ രമ്യമായ ഒരു പരിഹാരത്തിനാണ് കേന്ദ്രനേതൃത്വം ഇതുവരെ ശ്രമിച്ചത്.
പക്ഷേ തങ്ങളുടെ നിലപാടുകളില്‍ സുധീരനും ഉമ്മന്‍ചാണ്ടിയും ഉറച്ചുനിന്നതോടെ അന്തിമതീരുമാനം ഇപ്പോള്‍ സോണിയാഗാന്ധിക്ക് വിട്ടിരിക്കുകയാണ്. അതായത് ഇരിക്കൂര്‍, തൃപ്പൂണിത്തുറ, തൃക്കാക്കര, കോന്നി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി ആരു മത്സരിക്കണം എന്നതിന്‍റെ അന്തിമതീരുമാനം സോണിയാഗാന്ധിയുടേതാണ്.
അഴിമതി, കാലാകാലങ്ങളായി സീറ്റ് കുത്തകയാക്കല്‍ എന്നീ പ്രശ്നങ്ങളുന്നയിച്ചാണ് സുധീരന്‍ ഇത്തവണ ആദര്‍ശത്തിന്‍റെ ചന്ദ്രഹാസമിളക്കിയത്. വി.എം. സുധീരന്‍ എന്ന വ്യക്തിയുടെ രാഷ്ട്രീയമായ പരിശുദ്ധിയെക്കുറിച്ച് ആര്‍ക്കും പരാതിയൊന്നുമുണ്ടാകാനിടയില്ല. പക്ഷേ കെ.പി.സി.സി അദ്ധ്യക്ഷപദം ഏറ്റെടുത്തത് മുതല്‍ സുധീരന്‍ തന്‍റെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാനും ആകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സോളാര്‍-ബാര്‍കോഴ കേസുകളില്‍ ആരോപിതരായവരെ മാസങ്ങളോളം ന്യായീകരിച്ച് കൊണ്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍. സംസ്ഥാനത്ത് ബാറുകള്‍ നിരോധിക്കപ്പെട്ടതും ഇത്തരത്തില്‍ ഒരു സുധീരന്‍-ഉമ്മന്‍ചാണ്ടി വടംവലിയുടെ അനന്തരഫലമായി ആയിരുന്നു എന്നുള്ളതും വിസ്മരിക്കാറായിട്ടില്ല.
ആദ്യം ബാറുകള്‍ പൂട്ടിയ വിഷയം തന്നെ പരിഗണിക്കാം. സമ്പൂര്‍ണ്ണമദ്യനിരോധനം ആയിരുന്നില്ല സുധീരന്‍റേയും, പിന്നീട് ഉമ്മന്‍ചാണ്ടിയുടേയും ലക്‌ഷ്യം എന്നുള്ളത് കൊച്ചുകുട്ടികള്‍ക്ക് വരെ ബോധ്യമാകുന്ന കാര്യമാണ്. ഉമ്മന്‍ചാണ്ടിപക്ഷത്തിനു മേല്‍ ആദര്‍ശപരമായ ഒരു വിജയം ആഘോഷിക്കാനുള്ള അവസരമായിക്കണ്ടു കൊണ്ടായിരുന്നു സുധീരന്‍റെ ഇടപെടല്‍. സുധീരനെ വെല്ലുന്ന പലകളികളും കൈമുതലായുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി, സുധീരന്‍റെ നീക്കങ്ങളെ വെട്ടിയെന്നു മാത്രമല്ല താത്ക്കാലികമായിട്ടെങ്കിലും ആ വിഷയത്തില്‍ കയ്യടി മുഴുവന്‍ നേടിയെടുത്തു. ഇവരുടെ ഈ ഈഗോക്കളിയില്‍ ബാറിനായി പണംമുടക്കിയ ബിസിനസുകാരും, ബാറുകളില്‍ ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ആയിരക്കണക്കിന് സാധാരണക്കാരും പെരുവഴിയിലായി എന്നതുമാത്രം മിച്ചം.
ബാറുകളില്‍ ലഭ്യത കുറഞ്ഞതുമൂലം സംസ്ഥാനത്തെ മദ്യഉപഭോഗത്തിന്‍റെ അളവില്‍ നേരിയ കുറവുണ്ടായെങ്കിലും സമ്പൂര്‍ണ്ണമദ്യനിരോധനം എന്നത് ഇപ്പോളും സുധീരനോ ഉമ്മന്‍ചാണ്ടിയോ സ്വപ്നംപോലും കാണാത്ത ഒരു നടപടിയാണ്. ഇപ്പോഴും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന്‍ മലയാളി മദ്യം സേവിക്കുന്നു, സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ ഒഴുകിക്കൊണ്ടും ഇരിക്കുന്നു.
പിന്നീട് വന്ന സോളാര്‍-ബാര്‍ കോഴ വിഷയങ്ങളില്‍ ഗവണ്മെന്‍റിന് ഹാനികരമാകുന്ന ഒരു നിലപാടെടുക്കാതിരിക്കാന്‍ സുധീരന്‍ പ്രത്യേകം ശ്രദ്ധിച്ചു. കെ.എം മാണിയെ സുധീരന്‍ ന്യായീകരിച്ച് സംസാരിച്ചതിന് കയ്യുംകണക്കുമില്ല. അഴിമതി നടന്നു എന്ന് പകല്‍പോലെ വ്യക്തമായ സന്ദര്‍ഭങ്ങളിലൊക്കെയും സുധീരനന്‍ മൌനം പാലിച്ചു, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.
ഇപ്പോള്‍ അദ്ദേഹം തന്‍റെ ആദര്‍ശത്തിന്‍റെ കുപ്പായം വീണ്ടുമൊരിക്കല്‍ക്കൂടി എടുത്തണിഞ്ഞിരിക്കുകയാണ്. ഇത്തവണ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനാണ് ഈ പടപ്പുറപ്പാടെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ആക്ഷേപം. പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ ഭരണത്തിന്‍റെ അവസാന നാളുകളില്‍ “കടുംവെട്ട്’ നടത്താന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഏറ്റവുമധികം പിന്തുണ നല്‍കി എന്ന് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം തെളിഞ്ഞ മന്ത്രി അടൂര്‍ പ്രകാശാണത്രേ സുധീരന്‍റെ ലക്ഷ്യം. ചിലര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ സുധീരന്‍ പറയുന്ന കാരണങ്ങള്‍ അഴിമതിയും, കാലാകാലങ്ങളായി സീറ്റിന്മേലുള്ള കുത്തകാവകാശവുമാണ്. കോണ്‍ഗ്രസിലെ പല മന്ത്രിമാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്ന് പറയപ്പെടുന്നു. പക്ഷേ അവര്‍ക്കെല്ലാം എതിരേ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ഒരുപക്ഷേ ഇപ്പോള്‍ സുധീരന്‍ പ്രകടിപ്പിക്കുന്ന ആദര്‍ശത്തിന്‍റേതായ നിശ്ചയദാര്‍ഡ്യം ഈ അഴിമതിക്കഥകള്‍ പുറത്തുവന്നപ്പോള്‍ പുറത്തെടുത്തിരിന്നുവെങ്കില്‍ പല അഴിമതിവീരന്മാരേയും നിയമത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടുത്താമായിരുന്നു. അപ്പോഴൊക്കെ മൌനം ദീക്ഷിച്ചിട്ട് ഇപ്പോള്‍ ആദര്‍ശം പറയുന്നത് വ്യക്തിവിദ്വേഷം തീര്‍ക്കാനുള്ള അടവാണെന്ന ആരോപണം പൂര്‍ണ്ണമായി തള്ളിക്കളയാവുന്നതല്ല.
സുധീരന്‍ പറയുന്ന മാനദണ്ഡങ്ങള്‍ വച്ചാണെങ്കില്‍ ആദ്യം സീറ്റ് നിഷേധിക്കപ്പെടേണ്ടതും, മത്സരിക്കാതെ മാറിനില്‍ക്കേണ്ടതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ്. അത്രമാത്രം അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നേരേയുണ്ട്. പുതുപ്പള്ളി സീറ്റ് അദ്ദേഹം കുത്തകയാക്കി വച്ചിട്ട് കാലങ്ങളായി താനും. ഇനി അഴിമതി ആരോപണം ഉള്ളവര്‍ മാറി നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസിലെ എത്രപേരെ മാറ്റിനിര്‍ത്തിയാലാണ് ആ മാനദണ്ഡം പാലിക്കപ്പെടുക? അടൂര്‍ പ്രകാശിനെപ്പോലെയോ, എന്തിന് ഉമ്മന്‍ചാണ്ടി പോലുമോ മത്സരിക്കെണ്ടതും വിജയിക്കേണ്ടതും കേരളത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യമല്ല. ഇവരൊക്കെ ജയിച്ചതുകൊണ്ടോ, വീണ്ടും അധികാരത്തില്‍ വന്നതുകൊണ്ടോ സാധാരണക്കാരുടെ ഒരു പ്രശ്നങ്ങളും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. അപ്പോള്‍പ്പിന്നെ സുധീരന്‍റെ ആദര്‍ശവും, ആദര്‍ശത്തിലെ വെള്ളം ചേര്‍ക്കലുമൊക്കെ ആ പാര്‍ട്ടിയിലെ അഭ്യന്തരവിഷയങ്ങള്‍ മാത്രമാണ്. പക്ഷേ ഇത്തരം ഇരട്ടത്താപ്പുകള്‍ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തപ്പെടുന്ന “തിരഞ്ഞെടുപ്പ്” എന്ന ഒരു മഹദ് പ്രക്രിയയുടെ മുന്നോടിയായി കൊണ്ടാടപ്പെടുമ്പോള്‍ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഒരു ആവശ്യമാണ്. ഏതായാലും സുധീരനും, ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഈ ‘വണ്‍-ഓണ്‍-വണ്‍’ ബോക്സിംഗ് മത്സരത്തിന്‍റെ റഫറിയായി നിയോഗിക്കപ്പെട്ട സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരുന്നാലും സുധീരാദര്‍ശത്തിന്‍റെ മുഖംമൂടി കേരളജനതയുടെ മുന്‍പില്‍ ഒട്ടൊക്കെ അഴിഞ്ഞുവീണു എന്നുള്ളത് ഒരു വസ്തുതയാണ്.
Post Your Comments