ബംഗലൂരു: ട്വന്റി 20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വിജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 146 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 145 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ആദ്യ പന്തില്‍ മഹമ്മദുള്ളയുടെ വക ഒരു റണ്‍. രണ്ടാം പന്തില്‍ മുഷ്ഫിക്കര്‍ റഹിമിന്റെ ഷോട്ട് കവറിലൂടെ ബൌണ്ടറിയിലേക്ക്. നാലു പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. തൊട്ടടുത്ത പന്ത് ധോണിയെ കബളിപ്പിച്ച് വീണ്ടും ബൌണ്ടറിയിലേക്ക്. ബംഗ്ളാദേശ് ആവേശത്തില്‍. ജയിക്കാന്‍ മൂന്നു പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പറത്താന്‍ ശ്രമിച്ച മുഷ്ഫിക്കര്‍ (11) ധവാന്റെ കൈയിലൊതുങ്ങി. തൊട്ടടുത്ത പന്തില്‍ മഹമ്മദുള്ളയെ ജഡേജയുടെ കൈയിലെത്തിച്ച് ലക്ഷ്യം ഒരു പന്തില്‍നിന്നു രണ്ട് റണ്‍സിലേക്ക് ഉയര്‍ത്തി. പന്ത് നേരിട്ട ഷുവാഗതാ ഹോമിന് പന്ത് തൊടാന്‍ കഴിഞ്ഞില്ല. പന്ത് പിടിച്ചെടുത്ത ധോണി ഓടിയെത്തി സ്റംപ് പിഴുതെടുക്കുമ്പോള്‍ മുസ്താഫിസുര്‍ റഹ്മാന് ക്രീസില്‍ എത്തിയിരുന്നില്ല. ഇന്ത്യക്ക് ഒരു റണ്‍ ജയം സ്വന്തം.
ഇഖ്ബാല്‍ (35), സാബിര്‍ റഹ്മാന്(26), ഷക്കിബ് അല്‍ ഹസന് (22), സൌമ്യ സര്‍ക്കാര്‍ (21) എന്നിവരുടെ പ്രകടനമാണ് ബംഗ്ളാദേശിനെ ലക്ഷ്യത്തിനു അടുത്തെത്തിക്കാന്‍ സഹായിച്ചത്.
ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ബംഗ്ലാ ബൌളര്‍മാര്‍ക്ക് മുന്നില്‍ പകച്ചുപോയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് 7 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 30 റണ്‍സ് എടുത്ത സുരേഷ് റെയ്നയാണ് ടോപ് സ്കോറര്‍. ധവാന് (23) കൊഹ്ലി (24) രോഹിത് (18) യുവരാജ് സിംഗ് (3) ഹാര്‍ദിക് പാണ്ഡ്യ (15) തുടങ്ങി എല്ലാവരും നിരാശപ്പെടുത്തി. കക്യാപ്റ്റന്‍ ധോണി 15 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. അശ്വിനാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി.
ബംഗ്ളാദേശിനായി അല്‍ അമീന് ഹുസൈന്, മുസ്താഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വിക്കറ്റു വീതം നേടി. ഷക്കിബ് അല്‍ ഹസന്, മഹമ്മദുള്ള, ഷുവാഗത ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Post Your Comments