ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് ഡല്‍ഹി പൊലീസ് എത്തിചേര്‍ന്നതായി റിപ്പോര്‍ട്ട്. ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ സിഎന്‍എന്‍- ഐബിഎന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സുനന്ദ പുഷ്കറിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുധീര്‍ ഗുപ്തയ്ക്ക് എന്തെങ്കിലും രീതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനന്ദയെ അപായപ്പെടുത്താന്‍ ഉള്ള കാരണങ്ങള്‍ തരൂരിനുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുനന്ദയുടെ മരണത്തിലൂടെ ശശി തരൂരിന് സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടക്കിയതിന് തെളിവുകളില്ല.
ശശി തരൂര്‍ നല്കിയ മൊഴികളും പൊലീസ് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും തമ്മില്‍ വൈരുദ്ധ്യമില്ല. അമേരിക്കയിലെ എഫ്ബിഐ ലാബില്‍ നടത്തിയ സുനന്ദപുഷ്കറിന്റെ ആന്തരിക അവയവ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നീകാരണങ്ങള്‍ നിരത്തിയാണ് സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എംപിക്ക് പങ്കില്ലെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് എത്തിചേര്‍ന്നതെന്ന് സിഎന്‍എന്‍ – ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
സുനന്ദ പുഷ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ മൊഴികളിലാണ് പൊലീസിന്റെ സംശയം മുഴുവന്‍. സുധീര്‍ ഗുപ്തയ്ക്ക് ശശി തരൂരിനോടുള്ള വ്യക്തിപരമായ അനിഷ്ടം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചെന്ന് പൊലീസ് കരുതുന്നു. സുനന്ദ മരിക്കുമ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാന്‍ സുധീര്‍ ഗുപ്തയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments