ന്യൂഡല്‍ഹി: പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം നികുതിടിയടച്ച് വെളുപ്പിക്കാനുള്ള നയം മുതലാക്കി ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിലുള്ള സ്ഥിരം നികുതിവെട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് തടയും എന്ന്‍ കേന്ദ്രഗവണ്മെന്‍റ് അറിയിച്ചു. ഈ നയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി, രംഗത്ത് വന്നിരുന്നു. “ഫെയര്‍ ആന്‍ഡ് ലൌലി” സ്കീം എന്ന് രാഹുല്‍ ഇതിനെ കളിയാക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ നയത്തിന്‍റെ വസ്തുതകള്‍ പരിശോധിച്ചാല്‍, രാഹുല്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് പരിഹാസവുമായി രംഗത്ത് വന്നതെന്ന് മനസിലാക്കാവുന്നതാണ്.
നികുതി വകുപ്പിലെ തന്നെ ഒരുദ്യോഗസ്ഥന്‍റെ അഭിപ്രായപ്രകാരം മുന്‍കാല പാപങ്ങള്‍ കഴുകിക്കളയാനുള്ള ഒരവസരമായി ഈ നയം ഉപയോഗിക്കാന്‍ കഴിയില്ല.
“ചില നിബന്ധനകള്‍ തീര്‍ച്ചയായും ബാധകമാണ്. നോട്ടീസ് നല്‍കപ്പെട്ടതോ, റെയ്ഡ് നടത്തപ്പെട്ടതോ ആയ കേസുകള്‍ക്ക് പുതിയ നയം ബാധകമല്ല,” ഐ-ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതായത് നികുതി വകുപ്പ് പരിശോധന/പുന:പരിശോധന എന്നിവയ്ക്ക് ശേഷം ക്രമക്കേടുകള്‍ കണ്ടെത്തി നോട്ടീസ് അയക്കുകയും, നടപടിക്രമങ്ങള്‍ കാത്തിരിക്കുന്നതുമായ കേസുകള്‍ക്ക് പുതിയ നികുതി നയം ബാധകമേ അല്ല. നികുതി വിവരങ്ങള്‍ കൈമാറാനുള്ള കാരാര്‍ പ്രകാരം മറ്റൊരു രാജ്യത്തിന്‍റെ പക്കല്‍ നിന്നും ഇന്ത്യന്‍ നികുതി വകുപ്പിന്‍റെ പക്കല്‍ ഇപ്പോള്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമായ ആളുകള്‍ക്കും പുതിയ നയം ഉപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാനാവില്ല. ഹര്‍ഷദ് മേത്ത സെക്യൂരിറ്റീസ് അഴിമതിയിലോ, നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട്-ന്‍റെ കീഴിലോ കേസുകള്‍ ഉള്ളവര്‍ക്കും പുതിയ നയം ഉപയോഗിക്കാന്‍ കഴിയില്ല.
കള്ളാപ്പണം പിടിച്ചെടുക്കുക എന്ന എന്‍ഡിഎ-ഗവണ്മെന്‍റിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായി ഫെബ്രുവരി 29, 2016-ല്‍ അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി ഇന്‍കം ഡിക്ലറേഷന്‍ സ്കീം 2016-നെപ്പറ്റി പരാമര്‍ശിച്ചത്. കള്ളപ്പണം വെളിപ്പെടുത്താനുള്ള വളരെ ചെറിയ ഒരു ഇടവേള – ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ – ഈ സ്കീമിന്‍റെ കീഴില്‍ ലഭ്യമാണ്. വെളിപ്പെടുത്താത്ത അനധികൃത സമ്പാദ്യം ഈ സ്കീമിന്‍റെ കീഴില്‍ 45% നികുതിയടച്ച് വെളിപ്പെടുത്തുകയാണെങ്കില്‍ മറ്റു പിഴകളോ, അലവന്‍സുകളോ പ്രസ്തുത അപ്രഖ്യാപിത വരുമാനത്തിനോ സ്വത്തിനോ ബാധകമാകുന്നതല്ല.
ഇത്തരം നികുതിബന്ധിത വെളിപ്പെടുത്തലുകള്‍ നടത്തുന്ന നികുതിദായകരെ ഇന്‍കം ടാക്സ് ആക്ട്, വെല്‍ത്ത് ടാക്സ് ആക്ട്, ബിനാമി ക്രയവിക്രയങ്ങള്‍ (നിരോധിക്കല്‍) ആക്ട് എന്നിവയുടെ വകുപ്പുകള്‍ ഉപയോഗിച്ചുള്ള പുന:പരിശോധനകളുടെ ഭാഗമായുള്ള അന്വേഷണങ്ങള്‍, നടപടിക്രമങ്ങള്‍ അടക്കമുള്ള സൂക്ഷ്മപരിശോധനകളില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും.
Post Your Comments