KeralaNews

അഭിപ്രായസ്വാതന്ത്ര്യവാദികള്‍ തന്നെ നിക്ഷ്പക്ഷ അഭിപ്രായപ്രകടനം നടത്തിയ മഹാനടനെ ക്രൂശിക്കുമ്പോള്‍….

അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അരാഷ്ട്രവാദികളെ പിന്തുണയ്ക്കുന്നവരുടെ വ്യാകുലതകള്‍ മുഴുവനും. അവരെ സംബന്ധിച്ച് അതുമാത്രമാണ് രാഷ്ട്രം നേരിടുന്ന പ്രശ്നം. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ വരെ ചീത്ത വിളിച്ചുകൊണ്ട് അവര്‍ വാദിക്കുന്നു. ഇനിയുമൊരു കൂട്ടര്‍ ഒരു പാവം മുന്‍പ്രധാനമന്ത്രിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ അഭിപ്രായപ്രകടനം നടത്താനോ അനുവദിക്കാതെ കുടുംബവാഴ്ചയുടെ കൂച്ചുവിലങ്ങിട്ടു ഒരു ദശകത്തോളം കൊണ്ടുനടന്നതിനു ശേഷം താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തങ്ങള്‍ തന്നെ തൂക്കിക്കൊന്ന അഫ്സല്‍ ഗുരുവിന്‍റെ ആരാധകപക്ഷം ചേര്‍ന്നിരിക്കുന്നു. ഇനിയുമൊരു കൂട്ടര്‍ ഭരണപക്ഷത്തിന്‍റെ നല്ലപേര് കളയാന്‍ തീവ്രരാഷ്ട്രവാദവുമായി കോടതിമുറികളില്‍ പോലും ഗുണ്ടാവിളയാട്ടം നടത്തുന്നു. ഇതിന്‍റെയെല്ലാം ഇടയില്‍പ്പെട്ട് ഒരു സാധാരണ ഭാരതപൗരന്‍റെ പൗരബോധം പലവഴികളില്‍, ശരിയേത് തെറ്റേത് എന്ന സംഭ്രമത്തിനടിപ്പെട്ട് ഉഴറി നടക്കുന്നു. വളരെചുരുക്കം ചിലര്‍ക്കേ ഇത്തരമൊരു പരിതസ്ഥിതിയില്‍ നിക്ഷ്പക്ഷമായ ഒരു നിലപാടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. അത്തരത്തില്‍പ്പെട്ട ഒരു ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്നയാളാണ് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലും.

സിയാച്ചിന്‍ മഞ്ഞുമലകളില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ നിസ്വാര്‍ത്ഥമായ ആത്മബലിയേയും, ജെഎന്‍യു വിഷയത്തില്‍ രാജ്യമെങ്ങും നടമാടുന്ന അരാഷ്ട്രവാദമുഖങ്ങളേയും, തീവ്രരാഷ്ട്രവാദികളുടെ അഴിഞ്ഞാട്ടത്തേയും ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയിട്ടുള്ള അഭിപ്രായപ്രകടനം, ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അഭിപ്രായസ്വാതന്ത്ര്യവാദികളുടെ തന്നെ ആക്രമണത്തിന് ഇരയാകുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.

ഈ സ്വയംപ്രഖ്യാപിത അഭിപ്രായസ്വാതന്ത്ര്യ പോരാളികളെല്ലാം ഏകസ്വരത്തില്‍ ഉയര്‍ത്തുന്ന ഒരു വിമര്‍ശനമാണ് സംഘപരിവാറിന്‍റെ അണികള്‍ക്ക് തങ്ങളുടേതില്‍ നിന്നും വേറിട്ട ആശയങ്ങളോടും വാദഗതികളോടുമുള്ള കാര്‍ക്കശ്യവും എതിര്‍പ്പും. അപ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ ഉന്നയിക്കുന്ന ആശയങ്ങളോട് വിയോജിച്ചു കൊണ്ട് മോഹന്‍ലാലിന് അഭിപ്രായപ്രകടനം നടത്തിക്കൂടാ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇക്കൂട്ടര്‍ തീര്‍ച്ചയായും ബാധ്യസ്ഥരാണ്. അതിനവര്‍ മോഹന്‍ലാല്‍ പണ്ട് സഞ്ജയ്ദത്തിനെ അനുകൂലിച്ച് എഴുതിയ സന്ദേശവും, അദ്ദേഹം അഭിനയിച്ച ചില പരസ്യചിത്രങ്ങളുടെ കാര്യവും, ലാല്‍ പരാമര്‍ശിക്കാത്ത മറ്റുവിഷയങ്ങളും മറ്റും ചികഞ്ഞെടുത്ത്, വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള മറുപടികളാണ് പടച്ചുവിട്ടിരിക്കുന്നത്. സ്വന്തം രാഷ്ട്രീയശത്രുക്കളുടെ ഏതുരീതിയേയാണോ ഇവര്‍ വിമര്‍ശിക്കുന്നതും പരിഹാസത്തിനു വിധേയമാക്കുന്നതും, അതേ രീതിയില്‍ത്തന്നെയാണ് മോഹന്‍ലാലിനെപ്പോലെ, വളരെ വലിയൊരു വിഭാഗം മലയാളികളുടെ ചിന്താരീതിയെ സ്വാധീനിക്കാന്‍ കഴിവുള്ള ഒരു വ്യക്തി നടത്തിയ, നൂറു ശതമാനം ശരിയായ ഒരു വീക്ഷണത്തെ ഇവരും ചോദ്യംചെയ്യുന്നത്.

ഈ ആവസരത്തില്‍ ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് നടന്ന പൊതു-മാധ്യമ-രാഷ്ട്രീയ വിചാരണകള്‍ക്കിടയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷബഹുമാനത്തോട്‌ കൂടിത്തന്നെ വിരുദ്ധാശയങ്ങള്‍ പേറുന്നവരുമായി എങ്ങനെ ഇടപെടാം എന്നതിന് ഒരു മാതൃക ലഭിക്കും. ആദ്യത്തെ സംഭവം ജെഎന്‍യു സര്‍വ്വകലാശാല ക്യാമ്പസിനുള്ളിലാണ് നടന്നത്. ദിവസങ്ങളായി തങ്ങളെ എതിര്‍ത്തുമാത്രം ക്യാമ്പസിനുള്ളില്‍ നടന്ന്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന സീ-ന്യൂസ് റിപ്പോര്‍ട്ടറെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പനിനീര്‍പ്പൂക്കള്‍ നല്‍കി സ്വീകരിച്ച സംഭവമാണ് ആദ്യത്തേത്. ഇത്രമാത്രം താന്‍ എതിര്‍ത്തു സംസാരിച്ചിട്ടും, തന്നോട് എതിര്‍പ്പിന്‍റെ ഒരു കണിക പോലും പ്രകടിപ്പിക്കാതെ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ തനിക്കു നേരേ നീട്ടിയ ആ പനിനീര്‍പുഷ്പങ്ങളെ ജാള്യതകലര്‍ന്ന ഒരു ചിരിയോടെ സ്വീകരിക്കുക മാത്രമേ ആ റിപ്പോര്‍ട്ടര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ.

അടുത്ത സംഭവം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്നതാണ്. ആര്‍എസ്എസ് അസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തണമെന്ന ആവശ്യവുമായി ഒരു വന്‍പ്രകടനവുമായാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ളവര്‍ അവിടെയെത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയും, നവീനആശയങ്ങളുടേയും ആഗോളഘാതകര്‍ എന്ന്‍ തങ്ങള്‍ ആരോപിക്കുന്ന ആര്‍എസ്എസ്-കാര്‍ തങ്ങളെ ചീത്ത വിളിക്കുമെന്നും, തല്ലിയോടിക്കുമെന്നും ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതീക്ഷ. പക്ഷെ, അവരെ അമ്പരിപ്പിച്ചുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരം നല്‍കിയും, മാലയിട്ടും ഗംഭീരസ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായൊരുക്കിയത്. തുടര്‍ന്ന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനേയും പങ്കുചേര്‍ത്ത് അവര്‍ ദേശീയപതാകയും ഉയര്‍ത്തി. ആര്‍എസ്എസ്-കാര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പിരിഞ്ഞു പോവുകയേ കോണ്‍ഗ്രസ്കാര്‍ക്ക് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.

ഈ രണ്ടു സംഭവങ്ങളും നമ്മുടെ മുന്‍വിധികളേയും പക്ഷപാതപരമായ സമീപനരീതികളേയും പലതരത്തില്‍ ചോദ്യംചെയ്യുന്നു. മോഹന്‍ലാലിന് ഇപ്പോള്‍ നേരിടേണ്ടിവരുന്ന എതിര്‍പ്പുകളും ഇതിലുള്‍പ്പെടുന്നു. സഞ്ജയ്ദത്ത് ശിക്ഷിക്കപ്പെട്ട സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. മാത്രമല്ല, തന്‍ ചെയ്ത തെറ്റിന്‍റെ ഗൌരവസ്വഭാവം തിരിച്ചറിഞ്ഞപ്പോള്‍ പരസ്യമായി മാപ്പു പറയുകയും, ഇന്ത്യന്‍ നിയമവ്യവസ്ഥിതി അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ തയാറാകുകയും ചെയ്തയാളാണ് സഞ്ജയ്ദത്ത്. മോഹന്‍ലാല്‍ തന്‍റെ സന്ദേശത്തില്‍ പറയുന്നതുപോലെ തന്നെ, തിരിച്ചറിവുണ്ടായപ്പോള്‍ തന്‍റെ തന്നെ പഴയരീതികളെ ഉപേക്ഷിച് പുതിയൊരു മനുഷ്യനായി മാറുകയും ചെയ്തിരുന്നു ദത്ത്. ദത്തിന് പിന്തുണയുമായി വന്നത് മോഹന്‍ലാല്‍ മാത്രമായിരുന്നില്ല, മറിച്ച്, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇന്ത്യന്‍ സിനിമാലോകത്തുള്ള എല്ലാവരും ദത്തിനെ പിന്തുണച്ചിരുന്നു. ഇതൊന്നും മനസ്സിലാക്കാതെ, ഇന്ത്യയിലെങ്ങോ അസഹിഷ്ണുതയുണ്ടെന്നും പറഞ്ഞ്‌ വിലകുറഞ്ഞ രാഷ്ട്രീയ വാളോങ്ങലുമായി നടക്കുന്ന ഇത്തരം കാപട്യക്കാര്‍ക്ക്, തങ്ങള്‍ക്കെതിരായ ഒരു നിക്ഷ്പക്ഷ അഭിപ്രായം കാണുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയാണ് ഏറ്റവും പരിതാപകരം.

ഇന്ത്യന്‍ സൈന്യം ബഹുമാനപുരസരം നല്‍കിയ ലെഫ്റ്റനന്‍റ് കേണല്‍ പദവിയിയുടെ ചുമതകളുടെ ഭാഗമായി, നാം ഈ മഹാരാജ്യത്തിന്‍റെ അതിരുകള്‍ക്കുള്ളിലുള്ള സ്വതന്ത്രവായു ശ്വസിച്ച് സ്വൈര്യവിഹാരം നടത്തുമ്പോഴും, രാജ്യാതിര്‍ത്തിയില്‍ സ്വന്തം ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുമകന്ന്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് നമ്മുടെ സുരക്ഷക്കായി അഹോരാത്രം കാവല്‍ നില്‍ക്കുന്ന സൈനികരുടെ ജീവിതം അടുത്ത്നിന്ന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ള ആളാണ്‌ മോഹന്‍ലാല്‍. അതില്‍ ഒരു പട്ടാളക്കാരന് തന്‍റെ കുഞ്ഞുമകളുടെ മുഖം പോലും ഒരുനോക്കു കാണാന്‍ ഭാഗ്യമുണ്ടാകാതെ രാജ്യത്തിനു വേണ്ടി ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്ന വേദനയുംകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അഭിപ്രായപ്രകടങ്ങളെപ്പോലും തങ്ങളുടെ ഭാഗത്തിന്‍റെ ന്യായീകരണത്തിന് ഉതകുന്നുണ്ടോ ഇല്ലയോ എന്ന മാനദണ്ഡത്തോടെ സമീപിക്കുന്നവര്‍ ദയവായി അഭിപ്രായ/ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഇനിമുതല്‍ തൊണ്ടകീറാതിരിക്കുന്നതാവും നല്ലത്. അത്തരക്കാര്‍ കാലമിതുവരെയുള്ള തങ്ങളുടെ ചെയ്തികളെ ഒരു പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കുന്നതും നന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button