
കാസര്‍കോട്: കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍. നിരവധിയിടങ്ങള്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അതേസമയം, കാസര്‍കോട് ബളാല്‍ കോട്ടക്കുന്നില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ നാല് പേരെ രക്ഷിച്ചിരുന്നു. ചിറ്റാരിക്കല്‍ ഗോക്കടവ് സ്വദേശിനി സജിനിയുടെ വീടും മണ്ണിടിഞ്ഞ് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. കുടുംബാംഗങ്ങളെയെല്ലാം ദുരിതാശ്വാസക്യാംപിലേക്ക് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ മുകളില്‍ മണ്ണ് കൂടികിടക്കുകയാണ്.
ALSO READ: കനത്ത മഴ; ഇന്ന് മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്
ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ബളാല്‍ കോട്ടക്കുന്നില്‍ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. ബളാല്‍ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. 58 വയസ്സുള്ള സ്ത്രീയടക്കം ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. വീടിനകത്ത് ആളുണ്ടോ എന്ന സംശയം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് ആളുണ്ടെന്ന് മനസ്സിലായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം നടത്തി നാല് പേരെയും പുറത്തേക്കെത്തിക്കുകയായിരുന്നു.
ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസര്‍ഗോഡ് ബളാല്‍ കണ്ടം റോഡ് പൂര്‍ണമായും ഇടിഞ്ഞ അവസ്ഥയിലാണ്. കാസര്‍കോട് തെക്കില്‍ ആലട്ടി റോഡില്‍ കരിച്ചേരി വളവില്‍ വ്യാപകമായി മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്. പറമ്പ് മുതല്‍ പെര്‍ളടുക്കം വരെയുള്ള സ്ഥലത്ത് പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്ര നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി രാത്രി 8 മണി മുതല്‍ രാവിലെ 6 മണിവരെ കരിച്ചേരി ഭാഗത്ത് കൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
Post Your Comments