ഊട്ടി: ഊട്ടിയിലെ കാന്തലില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കാന്തല്‍ പുതുനഗറിലെ മാര്‍ഗരറ്റ് (50) മരിച്ച സംഭവത്തില്‍ എസ്ഐ മുസ്തഫയാണ് (55) അറസറ്റിലായത്. ക്യൂബ്രാഞ്ച് എസ്ഐ മുസ്തഫയും ഇവരും തമ്മില്‍ 15 വര്‍ഷമായി അടുപ്പത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മുസ്തഫ കാറില്‍ മാഗിയുടെ മൃതദേഹം അവരുടെ വീട്ടില്‍ കൊണ്ടു വന്നത്.
നെഞ്ചു വേദനയെ തുടര്‍ന്നാണ് മരിച്ചത് എന്ന് മാഗിയുടെ മകളോട് പറഞ്ഞ് ഇയാള്‍ മൃതദേഹം അവിടെ കിടത്തി പോവുകയായിരുന്നു. മൃതദേഹം ആരുമറിയാതെ സംസ്കരിക്കാനും ഇയാൾ വീട്ടുകാരോട് മുസ്തഫ ആവശ്യപ്പെട്ടു. എന്നാൽ മക്കളും ബന്ധുക്കളും പരിശോധിച്ചപ്പോള്‍ കണ്ണിനും മുഖത്തും ചോരപ്പാടുകളും പരിക്കും കണ്ടു. തുടര്‍ന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്കി.
എസ്.പി ആശിഷ് റാവത്തിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫയുമായി മാഗിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. വ്യാഴാഴ്ച സാധനം വാങ്ങാന്‍ പുറത്തുപോയ മാഗി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. അന്നു രാത്രി സ്വകാര്യ ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് എസ്.ഐ മുസ്തഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.
Post Your Comments