
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ തൃത്താല എസ്ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയുടെ സുഹൃത്തും അറസ്റ്റിൽ. ഇന്നലെ പിടികൂടിയ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ വാഹനം ഇടിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് ആണ് മൊഴി നൽകിയത്. പിടിക്കപ്പെടാതിരിക്കൻ കാർ വെട്ടിച്ചു കടക്കുകയായിരുന്നു. പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു.
പാലക്കാട് തൃത്താലയിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സി ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാങ്കല്ലിൽ സംശയാസ്പദമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. പോലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയി. എസ്ഐയെ ഇടിച്ചു വീഴ്ത്തി. എസ്ഐയെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പരിക്കേറ്റ എസ്ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രഷർ ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകൻ അലനാണ് വാഹനമോടിച്ചത്. ഒളിവിൽ പോയ അലന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇന്നലെ അലനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Post Your Comments