തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റിൽ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി റാങ്ക് പട്ടിക പിൻവലിച്ചത്. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുള്ള റാങ്ക് പട്ടികയിൽ അനർഹരും കടന്നുകൂടുകയായിരുന്നു.
കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തിയാണ് പി എസ് സി ഷോർട്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ, അനർഹർ ലിസ്റ്റിൽ കടന്നുകൂടിയത് ക്ലറിക്കൽ പിഴവെന്ന നിലപാടിലാണ് പി എസ് സി. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിലാണ് അനർഹരും കടന്നുകൂടിയത്. എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരും തോറ്റവരും വരെ ഷോർട്ലിസ്റ്റിലുണ്ടായിരുന്നു. പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിക്കുകയായിരുന്നു.
പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തിയാണു നിയമനം നടത്തുന്നത്. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും പരീക്ഷ പാസായതാണ് (78% വിജയം) ഒരുവിഭാഗം ഉദ്യോഗാർഥികളിൽ സംശയം ജനിപ്പിച്ചത്.
കടുപ്പമേറിയ പരീക്ഷ സാധാരണഗതിയിൽ പകുതിപ്പേർ പോലും പാസാകാറില്ല. കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയിൽ വ്യക്തമായി. രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികൾ എഴുത്തുപരീക്ഷ പാസായാൽ രണ്ടു ലിസ്റ്റിലും ഉൾപ്പെടും. ഇവർ ഒറ്റ കായികപരീക്ഷയിൽ പങ്കെടുത്താൽ മതി. എന്നാൽ ഇങ്ങനെയുള്ള ചിലർ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയിൽ മാത്രമേ ഉൾപ്പെട്ടുള്ളൂ.
ഈ പൊരുത്തക്കേടും ലിസ്റ്റിലെ പിഴവിനു തെളിവായി. കായികപരീക്ഷയിൽ പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് പിഎസ്‌സി പട്ടിക പിൻവലിച്ചത്. സമാന പ്രശ്നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പിഎസ്‍സി സൂക്ഷ്മപരിശോധന നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
Post Your Comments