കേരളത്തിൽ ഇടത്-ബി.ജെ.പി ഡീൽ നടക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്വർണക്കളളക്കടത്ത് ആവിയായി പോയതും, ലാവലിൻ കേസ് 26 തവണ മാറ്റിയതും മോദിക്കെതിരെയോ അമിത്ഷായ്ക്കെതിരെയോ മുഖ്യമന്ത്രി ഒന്നും സംസാരിക്കാത്തതും ഈ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ അമിത് ഷാ വന്നപ്പോൾ ചില ചോദ്യം ചോദിച്ചു. മുഖ്യമന്ത്രിയും അമിത് ഷായും പരസ്പരം ചോദ്യം ചോദിക്കും. പക്ഷെ ഉത്തരം നൽകുന്നില്ല’. വോട്ട് കച്ചവടം ബി.ജെ.പിയുമായി ഉറപ്പിച്ചിട്ട് കോൺഗ്രസ് ജയിച്ചാൽ അവർ ബി.ജെ.പിയിൽ പോകുമെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അര ഡസനിലേറെ പേർ സി.പി.എമ്മിൽ നിന്ന് പോയി. കോട്ടയം, ആറന്മുള, ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ ഇടത് നേതാക്കളാണ്. സ്വന്തം അണികളെ സി.പി.എം വഞ്ചിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇവിടെയെല്ലാം സി.പി.എമ്മിൽ നിന്ന് പോയാണ് അവർ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നത്. സി.പി.എമ്മിൽ നിന്നാണ് ആളുകൾ ബി.ജെ.പിയിൽ പോകുന്നതെന്നും കേരളത്തിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എമാരോ എം.പിമാരോ ബി.ജെ.പിയിൽ പോയിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
Post Your Comments