ന്യൂ ഡൽഹി: കൂടുമാറിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷക്ക് പുറത്താണ് കോൺഗ്രസ് ജീവിക്കുന്നതെന്നും ഇത് മാറ്റാത്ത പക്ഷം രാജ്യം ഭരിക്കുന്നത് പോട്ടെ പ്രതിപക്ഷത്ത് പോലും അവര്‍ ഉണ്ടാകില്ലെന്ന് ഖുശ്ബു പറഞ്ഞു.
Read also: മാണി സി കാപ്പനായി പാലാ പാലം ഇട്ട് യുഡിഎഫ്; ചങ്കന്മാരെ കൈവിടില്ലെന്ന് ശശീന്ദ്രൻ
‘ഗാന്ധി കുടുംബം സ്വയം നിര്‍മ്മിച്ച കുമിളകളില്‍ നിന്ന് പുറത്തുവരണം. കുമിളകളില്‍ നിന്ന് പുറത്തുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടും. പ്രതിപക്ഷത്തുപോലും അവര്‍ സ്വയം കണ്ടെത്തുന്നില്ല. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷക്ക് പുറത്താണ് അവര്‍ ജീവിക്കുന്നത്. രാജ്യം ഭരിക്കുന്നത് മറന്നേക്കൂ, പ്രതിപക്ഷത്ത് പോലും എക്കാലവും അവര്‍ ഉണ്ടാകില്ല’- ഖുശ്ബു പറഞ്ഞു.
എന്തുകൊണ്ടാണ് ആളുകള്‍ കോണ്‍ഗ്രസ് വിടുന്നത് എന്നത് ചിന്തിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. വിടുന്നവരെ അവസരവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ലാതെ പരിശോധന നടത്തുന്നില്ല. അവര്‍ സ്വയം നിര്‍മിച്ച ലോകത്തിലാണ് ജീവിക്കുന്നതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ദേശീയവക്താവ് സ്ഥാനം രാജിവെച്ച് കഴിഞ്ഞ ദിവസമാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഖുശ്ബുവിന്റെ പാര്‍ട്ടി മാറ്റം ഏറെ ചര്‍ച്ചയായിരുന്നു.
2010 ൽ ഡിഎംകെയിൽ ചേർന്നാണ് ഖുശ്ബു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അന്ന് ഡിഎംകെ അധികാരത്തിലായിരുന്നു. 2014 ൽ ഡിഎംകെ വിട്ട് താരം കോൺഗ്രസിലേക്ക് ചേക്കേറി. സ്വന്തം വീട്ടിലെത്തിയത് പോലെ തോന്നുന്നുവെന്നായിരുന്നു അന്ന് ഖുശ്ബുവിന്റെ പ്രതികരണം. ഡിഎംകെയ്ക്ക് വേണ്ടി താൻ കഠിന പ്രയ്തനം ചെയ്തിട്ടും പരിഗണിച്ചില്ലെന്നും അന്ന് ഖുശ്ബു ആരോപിച്ചിരുന്നു.
അതേസമയം ഖുശ്ബു ബിജെപിയിലേക്ക് പോയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നായിരുന്നു തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
Post Your Comments