KeralaLatest NewsNews

പുതിയതായി അഞ്ച് ഐടിഐകൾ കൂടി തുടങ്ങും: മന്ത്രി ടി. പി രാമകൃഷ്ണന്‍

കൊച്ചി : സംസ്ഥാനത്ത് പുതുതായി അഞ്ച് ഐ.ടി.ഐകൾ കൂടി ആരംഭിക്കുമെന്ന് തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. ഗവ. ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ആരക്കുഴ ഗവ. ഐ.ടി.ഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓൺ ലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികൾക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നൽകുവാനും കഴിയും.

ഗ്രാമീണമേഖലകളിലും വ്യാവസായികപരിശീലന സൗകര്യം ഏര്‍പ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നേടാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി, നാലു വര്‍ഷത്തിനിടയില്‍ പതിനേഴ് പുതിയ സര്‍ക്കാര്‍ ഐടിഐകൾ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത് ചൂണ്ടിക്കാട്ടി. നിലവില്‍ 99 സര്‍ക്കാര്‍ ഐടിഐകളിലായി 22,000 പേര്‍ക്ക് ഓരോവര്‍ഷവും പ്രവേശനം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി വ്യാവസായികപരിശീലനവകുപ്പും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

പത്ത് ഐ.ടി.ഐകള്‍ കിഫ്ബി ധനസഹായത്തോടെയാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പന്ത്രണ്ട് ഐടിഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായികപരിശീലന കേന്ദ്രങ്ങള്‍ എന്ന പദവി കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button