ന്യൂഡല്‍ഹി : സെപ്റ്റംബര്‍ പത്തിന് ചൈന വെടിവയ്പ്പ് നടത്തി പ്രകോപനം സൃഷ്ടിച്ചു , ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിവെച്ചു . 200 റൗണ്ട് വെടിവെച്ചതായി റിപ്പോര്‍ട്ട്.
മോസ്‌കോയില്‍ സെപ്റ്റംബര്‍ പത്താം തീയതി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പും അതിര്‍ത്തിയില്‍ പല തവണ വെടിവയ്പ് നടന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29, 30 തീയതികളില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് രണ്ടു തവണ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ ഏഴിന് ചുഷൂല്‍ ഉപമേഖലയില്‍ വെടിവയ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബര്‍ പത്താംതീയതിയാണ് സംഘര്‍ഷമുണ്ടായതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ ഫിംഗര്‍ 3,4 മേഖലയില്‍ ഉണ്ടായ വെടിവയ്പ് സെപ്റ്റംബര്‍ ഏഴിലെ സംഘര്‍ഷത്തിനേക്കാള്‍ ത്രീവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഓഗസ്റ്റ് 31ന് ലഡാക്കിലെ പാംഗോങ്, ചുഷൂല്‍ പ്രദേശങ്ങളില്‍ ഇന്ത്യയുടെ കുന്നുകള്‍ പിടിച്ചെടുക്കാനും ചൈനീസ് സൈന്യം ശ്രമം നടത്തിയിരുന്നു. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളില്‍ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം പ്രതികരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് 200 റൗണ്ട് വെടിവയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. ചൈനീസ് സൈന്യം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കിയിരുന്നു.
Post Your Comments