Latest NewsDevotional

രാജ്യം മുഴുവനും ഭക്തിയുടെ നിറവില്‍: ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ദുര്‍ഗാപൂജയ്ക്കും സരസ്വതീപൂജയ്ക്കുമായി ഒരുങ്ങി

ആദ്യ മൂന്നു ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്നു ദിവസം പാര്‍വതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു.

ദുര്‍ഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയില്‍ ദുര്‍ഗ്ഗയുടെ ഒന്‍പത് രൂപങ്ങളെയും ആരാധിക്കുന്നു. ഇതാണ് നവദുര്‍ഗ്ഗ. പഞ്ചാബികള്‍ക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്‌നാട്ടില്‍ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്നു ദിവസം പാര്‍വതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു.

കേരളത്തില്‍ ഇത് പൂജവയ്പ്പിന്റെയും വിദ്യാരംഭത്തിന്റെയും സംഗീതം, നൃത്തം തുടങ്ങിയ കലകളുടെയും ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവില്‍ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ചിലയിടങ്ങളില്‍ വൃശ്ചിക തൃക്കാര്‍ത്തികക്കും ദുര്‍ഗ്ഗാപൂജ നടത്താറുണ്ട്.ക്രൂരനായ മഹിഷാസുരന്‍ തപസുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകള്‍ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍ മഹിഷാസുരന്‍ വിജയിച്ചു.

മഹിഷാസുരനെ വധിക്കാനായി ദേവന്മാര്‍ ശിവനേയും മഹാവിഷ്ണുവിനേയും ശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ പതിച്ച് ദുര്‍ഗാദേവി രൂപംകൊണ്ടു. ദേവന്മാര്‍ ആയുധങ്ങളും ആഭരണങ്ങളും ദുര്‍ഗാദേവിക്ക് നല്‍കി. ഹിമവാന്‍ ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുര്‍ഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.ഹിന്ദു പുരാണങ്ങള്‍ പ്രകാരം ദേവി പാര്‍വ്വതിയുടെ രാജസ ഭാവം ആണ് ദേവി ദുര്‍ഗ്ഗ ,പാര്‍വ്വതിയുടെ താമസ ഭാവം ആണ് ദേവി മഹാകാളി . ദേവി ശ്രീ പാര്‍വ്വതിയെ സ്വാതിക സ്വരൂപിണി ആയും ആരാധിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button