ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയിലെമ്പാടും ഗാന്ധി സ്മൃതിയും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യം ആ മഹാത്മാവിനെ ആദരിക്കുമ്പോഴും അതില്‍ രാഷ്ട്രീയം കണ്ടെത്തുകയാണ് ചില നേതാക്കള്‍.
ഗാന്ധിജയന്തി ദിനമായ ഇന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പഡ് പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ ലേഖനവും ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട് ‘ എന്നതാണ് ലേഖനത്തിന്റെ തലവാചകം.
ഗാന്ധിജി ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ധൈര്യം പകരുന്നതെന്നും ദേശീയവാദിയാകാതെ സാര്‍വദേശിയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശീയതാവാദം സാധ്യമാകൂ എന്നും ഗാന്ധി യങ് ഇന്ത്യയില്‍ കുറിച്ചിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെങ്ങനെയെന്നും മോദി കുറിക്കുന്നു. ”ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. ദ്രുതഗതിയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങളുടെ ശുചിത്വ പദ്ധതികള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. സുസ്ഥിരമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പുനരുപയോഗിക്കാവുന്ന പ്രകൃതിവിഭവമായ സൗരോര്‍ജം ഉപയോഗിക്കപ്പെടുത്തുന്നു. ലോകത്തിനൊപ്പവും ലോകത്തിനുവേണ്ടിയും ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്” മോദി ലേഖനത്തില്‍ പറഞ്ഞു.
എന്നാല്‍ മഹാത്മാഗാന്ധിയുടെ ജീവിതകാലത്തും മരണശേഷവും അദ്ദേഹത്തെ ആക്ഷേപിച്ച് നടന്ന ആര്‍എസ്എസ് ബിജെപിയില്‍ ഇപ്പോള്‍ വന്ന മാറ്റം കൗതുകകരമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങളും വിശ്വാസങ്ങളും കോണ്‍ഗ്രസ് ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദി ഗാന്ധി ഭക്തനായി സംസാരിക്കാന്‍ തുടങ്ങിയതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് അറിയില്ലെന്നും ഗാന്ധിയെ ആക്ഷേപിച്ചിട്ട് ഗുണം കിട്ടാന്‍ പോകുന്നില്ലെന്ന് മോദിക്ക് മനസിലായതുകൊണ്ടാണ് ഗാന്ധിയുടെ കണ്ണട പോലും സ്വച്ഛ് ഭാരതിന്റെ അടയാളമാക്കി വച്ചതെന്നുമായിരുന്നു ശശി തരൂരിന്റെ ആരോപണം.
ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ശശി തരൂരിന്റെ ആരോപണം. രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടതെന്നും തരൂര്‍ പറഞ്ഞു.
മഹാത്മഗാന്ധിയുടെ പാത പിന്തുടരാന്‍ അര്‍.എസ്.എസിന് അര്‍ഹത ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കോട്ടം സംഭവിച്ചെന്നും സോണിയ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പദയാത്രക്ക് ശേഷം രാജ്ഘട്ടില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഇന്ത്യയുടെ അടിസ്ഥാനം തന്നെ ഗാന്ധിയുടെ തത്വങ്ങളാണെന്നും ഗാന്ധിയെ ഉദ്ധരിക്കുന്നത് എളുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവര്‍ വിജയിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗാന്ധിജിയുടെ ഘാതകര്‍ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ മഹാത്മാഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആദ്ദേഹം ആരോപിച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാല്‍ രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ പിണറായി ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments