കൊല്ലം: ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം. പുനര്‍മൂല്യ നിര്‍ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് മന്ത്രി അദാലത്തില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തിയ ജയിപ്പിച്ചത്. വിദ്യാര്‍ത്ഥി തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ എല്ലാം ചട്ടപ്രകാരമാണെന്നാണ് മന്ത്രിയുടെ നിലപാട്.
എല്ലാ വിഷയങ്ങള്‍ക്കും മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥി ഒരു പേപ്പറിനു മാത്രം തോറ്റത് ആദ്യം മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ പിഴവാണ്. ആ അധ്യാപകനെ ഡീബാര്‍ ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്നും മന്ത്രി പറയുന്നു.കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യ മൂല്യനിര്‍ണയത്തില്‍ ലഭിച്ചത് 29 മാര്‍ക്കായിരുന്നു. എന്നാല്‍ വിജയിക്കാന്‍ വേണ്ടത് 45 മാര്‍ക്കും. ഇതോടെ വിദ്യാര്‍ത്ഥിയുടെ അപേക്ഷ പ്രകാരം നടത്തിയ പുനര്‍ മൂല്യനിര്‍ണയത്തിലും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല.
വീണ്ടും മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചുവെങ്കിലും ആദ്യപുനര്‍ മൂല്യനിര്‍ണയത്തില്‍ 15% അധികം മാര്‍ക്ക് ലഭിക്കാത്തതിനാല്‍ സര്‍വകലാശാല അത് നിരസിച്ചു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥി മന്ത്രിക്ക് അപേക്ഷ നല്‍കി.ഈ അപേക്ഷ സാങ്കേതിക സര്‍വകലാശാലയുടെ ഫയല്‍ അദാലത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക അപേക്ഷയായി പരിഗണിച്ച് രണ്ട് അധ്യാപകരുടെ സമിതിയെ കൊണ്ട് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി ഇടപെട്ട് തീരുമാനമെടുപ്പിച്ചു.
ഈ സമിതിയുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി 48 മാര്‍ക്കുമായി വിജയിക്കുകയും ചെയ്തു. ഇതോടെയാണ് സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ആദാലത്തില്‍ മന്ത്രി നടത്തിയ ഇടപെടലിന്റെ രേഖകളും ഉത്തരകടലാസും അടക്കമാണ് പരാതി നല്‍കിയത്. ഇതോടെയാണ് മന്ത്രി അധ്യാപകന്റെ മേൽ പഴിചാരിയത്.
Post Your Comments