ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്സെനില്‍ ബിടെക് വിദ്യാര്‍ത്ഥിയെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ മുഴക്കിയ മുദ്രാവാക്യം വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഫോണില്‍ എസ്എസംഎസ് ആയി ലഭിച്ചതിന് പിന്നാലെയാണ് മൃതശരീരം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: മാധ്യമം വിവാദത്തിൽ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
നിഷാങ്ക് റാത്തോഡ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. കോളജിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പേയിങ് ഗസ്റ്റ് ആയാണ് നിഷാങ്ക് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 3.45ഓടെ പരീക്ഷ എഴുതാനായി എത്തിയ സഹോദരിയെ കാണാന്‍ പോയ നിഷാങ്ക് തിരിച്ചെത്തിയില്ലെന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ പറഞ്ഞു.
രാത്രിയോടെ നിഷാങ്കിന്റെ പിതാവിനും കൂട്ടുകാര്‍ക്കും നിഷാങ്കിന്റെ ഫോണില്‍ നിന്ന് ഈ മെസ്സേജ് വരികയായിരുന്നു. എന്നാല്‍, എന്താണ് മെസ്സേജിന്റെ അര്‍ത്ഥം എന്ന് മനസ്സിലായില്ല. തുടര്‍ന്ന് നിഷാങ്കിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. കൂട്ടുകാര്‍ നിഷാങ്കിനെ തിരക്കിയിറങ്ങിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ റെയില്‍വെ ട്രാക്കില്‍ നിഷാങ്കിന്റെ മൃതദേഹം കണ്ടെത്തി. ശരീരം ട്രെയിന്‍ കയറി വികൃതമായിരുന്നു. മൊബൈല്‍ ഫോണും പഴ്സും തിരിച്ചറിഞ്ഞാണ് ഇത് നിഷാങ്ക് ആണെന്ന് ഉറപ്പിച്ചത്. മെസ്സേജിന് ഉദയ്പൂരില്‍ നടന്ന കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments